മെൽബൺ: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ബോക്‌സിംങ്‌ഡേ ടെസ്റ്റിൽ സെഞ്ച്വറിയുമായി നിതീഷ്‌കുമാർ റെഡി കളം നിറഞ്ഞപ്പോൾ ഇന്ത്യ ഒഴിവാക്കിയത് നാണംകെട്ട ഇന്നിംങ്‌സ് തോൽവിയും ഫോളോ ഓണും. രണ്ടു ദിവസം ശേഷിക്കെ പൊരുതിനിൽക്കാൻ കരുത്തുകൂടിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് പരമ്പര മാന്യമായി അവസാനിപ്പിക്കാം. സ്‌കോർ : ഓസ്‌ട്രേലിയ 474, ഇന്ത്യ 9 ന് 358.
മൂന്നാം ദിനം ആദ്യം തന്നെ റിഷഭ് പന്തും (28), ജഡേജയും (17) പുറത്തായപ്പോൾ ഇന്ത്യയെ അതിവേഗം ചുരുട്ടിക്കെട്ടാമെന്നായിരുന്നു ഓസീസിന്റെ പ്രതീക്ഷകളത്രയും. എന്നാൽ, നിതീഷ്‌കുമാർ റെഡിയും (പുറത്താകാതെ 105), വാഷിംങ്ടൺ സുന്ദറും (50) ചേർന്നു നടത്തിയ ചെറുത്തു നിൽപ്പ് ഓസീസ് പ്രതീക്ഷകൾ പൂർണമായും തകർത്തു. ഇന്ത്യയുടെ ആദ്യ ഇന്നിംങ്‌സിന്റെ 64.5 ആം ഓവറിൽ ഒത്തു ചേർന്ന രണ്ടു പേരും ക്രീസിലെത്തുമ്പോൾ ഇന്ത്യ 221 ന് ഏഴ് എന്ന പരിതാപരകരമായ നിലയിലായിരുന്നു. ഫോളോ ഓൺ ഭീഷണി നേരിട്ട ടീമിനെ രണ്ടു പേരും ചേർന്ന് ചുമലിലേറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലയോണിന്റെ പന്തിൽ സ്മിത്ത് പിടിച്ച് സുന്ദർ പുറത്താകുമ്പോൾ ടീം സ്‌കോർ 348 ൽ എത്തിയിരുന്നു. പിന്നീട് കണ്ടത് നാടകീയ നിമിഷങ്ങളായിരുന്നു. സുന്ദർ പുറത്താകുമ്പോൾ നിതീഷ്‌കുമാർ റെഡി 97 റണ്ണെടുത്ത് നിൽക്കുകയായിരുന്നു. ഇതിനിടെ നിതീഷ് ഉയർത്തിയടിച്ച പന്തിൽ ബുംറ രണ്ട് ഓടി. സ്‌കോർ 99. ഈ സമയം ബുംറ സ്‌ളിപ്പിൽ ഖവാജയ്ക്ക് ക്യാച്ച് നൽകി മടങ്ങി. ഗ്രൗണ്ടിൽ ആകെ ശ്മശാന മൂകത. ആ ഓവറിലെ മൂന്ന് പന്ത് അതിജീവിച്ച സിറാജ് , അടുത്ത ഓവർ നിതീഷിനു കൈമാറി. പന്ത് ഉയർത്തിവിട്ട നീതീഷ് ബൗണ്ടറി കടത്തി സെഞ്ച്വറി പൂർത്തിയാക്കി. ഇതോടെ വെളിച്ചക്കുറവിനെ തുടർന്ന് കളി നിർത്തി വച്ചു. രണ്ട് ദിവസം മുന്നിൽ ശേഷിക്കെ തോൽവി ഒഴിവാക്കാൻ ഇന്ത്യയ്ക്ക് അത്ഭുതങ്ങൾ തന്നെ പുറത്ത് എടുക്കേണ്ടി വരും. നിലവിൽ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 116 റൺ പിന്നിലാണ് ടീം ഇന്ത്യ.