തിരുവനന്തപുരം: കേരളത്തിലെ ഭരണ രംഗത്ത് ‘ടിയാൻ’ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് ഉപയോഗിക്കേണ്ടെന്ന് ഉദ്യാഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ നിർദേശം. ഭാഷാ മാർഗ നിർദേശക സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. ടിയാരി എന്ന പദപ്രയോഗത്തെ സംബന്ധിച്ച് വകുപ്പ് ജോയിന്റ് സെക്രട്ടറി സർക്കുലറും ഇറക്കിയിട്ടുണ്ട്.
സർക്കാർ രേഖകളിലും ഭരണ രംഗത്തുമൊക്കെ പ്രസ്തുത വ്യക്തി എന്ന അർത്ഥത്തിലാണ് ‘ടിയാൻ’ എന്ന വാക്ക് ഉപയോഗിക്കുന്നത്. ടിയാൻ എന്നതിന്റെ സ്ത്രീലിംഗമായി ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം. ഭരണരംഗത്ത് ടിയാൻ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് വ്യാപകമായി ഉപയോഗിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സർക്കുലർ പറയുന്നു. മേല്പ്പടിയാൻ അല്ലെങ്കില്‍ പ്രസ്തുത ആള് എന്ന രീതിയില്‍ ഉപയോഗിക്കുന്ന ‘ടിയാൻ’ എന്നതിന്റെ സ്ത്രീലിംഗമായി ‘ടിയാള്‍’ എന്നതിനു പകരം ‘ടിയാരി’ എന്ന് ഉപയോഗിക്കുന്നത് അനുചിതമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ടിയാരി’ എന്ന പദത്തിന്റെ ഉപയോഗ സാധുതയെ കുറിച്ച് ഭാഷാമാർഗ നിർദേശക വിദഗ്ദസമിതി പരിശോധിക്കുകയും ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് നിർദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഭരണരംഗത്ത് ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് നിർദേശിക്കുന്നു എന്നാണ് സർക്കുലറില്‍ നിർദേശിക്കുന്നത്.