കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലിനായി രൂപീകരിച്ച ‘ഫൈൻ്റ് അർജ്ജുൻ’ എന്ന പേരിലുള്ള ആക്ഷൻ കമ്മറ്റി പിരിച്ചു വിട്ടെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ ദിവസം കുടുംബം ആക്ഷൻ കമ്മിറ്റിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി പിരിച്ചുവിട്ടത്. അർജുന്റെ കുടുംബവുമായി സംസാരിച്ചും അറിയിച്ചുമാണ് എല്ലാകാര്യവും ചെയ്തതെന്ന് ഇന്നലെ ഫൈൻ്റ് അർജുൻ ആക്ഷൻ കമ്മിറ്റി കണ്‍വീനർ നൗഷാദ് തെക്കയില്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ കണ്ടതും നിവേദനം കൊടുത്തതും കുടുംബത്തെ അറിയിച്ചതിന് ശേഷമാണെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
ആക്ഷൻ കമ്മിറ്റി ഒരു പണപിരിവും നടത്തിയിട്ടില്ലെന്നും ഏത് അന്വേഷണം നേരിടാൻ തയ്യാറാണെന്നും നൗഷാദ് പ്രതികരിച്ചു. മനാഫിനെതിരായ ആരോപണങ്ങളില്‍ മനാഫ് തന്നെ പ്രതികരിക്കുമെന്നും നൗഷാദ് പറഞ്ഞിരുന്നു. അതേസമയം, കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോറിയുടമ മനാഫിന്റെ യുട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചു.