ന്യൂസ് ഡെസ്ക് : ബി.സി.സി.ഐ യുടെ കർശന നിർദേശങ്ങള്‍ ഉണ്ടായിരിക്കേ രഞ്ജി ട്രോഫി കളിക്കാൻ തയ്യാറാവാതിരുന്ന ഇന്ത്യൻ താരങ്ങളായ ഇഷാൻ കിഷനേയും ശ്രേയസ് അയ്യറേയും ബി.സി.സി.ഐ വാർഷിക കരാറില്‍ നിന്ന് നീക്കിയതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.ഇരുവർക്കും നേരത്തേ തന്നെ ബി.സി.സി.ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ഇരുവരും കളിക്കാനില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുല്‍ക്കറും കപില്‍ ദേവുമടക്കമുള്ളവർ ബി.സി.സി.ഐ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്ത് വന്നു.
എന്നാല്‍ ഈ സംഭവങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് തുറന്ന് പറയണമെന്ന് ഇഷാനോടും അയ്യരോടും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ മുൻ ഇന്ത്യൻ താരമായ റോബിൻ ഉത്തപ്പ. ഇതുവരെ ഇരു താരങ്ങളും ഈ സംവങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”ഇക്കാര്യങ്ങളില്‍ എന്ത് വേണമെങ്കിലും നമുക്ക് ഊഹിച്ചു കൂട്ടാം. എന്നാല്‍ സത്യാവസ്ഥ എന്താണെന്നറിയാൻ ഇഷാനോടും ശ്രേയസിനോടും തന്നെ ചോദിച്ചറിയണം. അത് കൊണ്ട് സത്യമെന്താണെന്ന് ഈ താരങ്ങള്‍ തുറന്നു പറയണം”- ഉത്തപ്പ പറഞ്ഞു,
ഇന്ത്യൻ നായകനോ, പരിശീലകനോ, സപ്പോർട്ട് സ്റ്റാഫോ ആരെങ്കിലും എന്തിനാണിവരെ കരാർ പട്ടികയില്‍ നിന്ന് പുറത്താക്കിയത് എന്ന കാര്യം പറയണമെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ നിലവാരം കുറയുന്നതായും ഉത്തപ്പ കുറ്റപ്പെടുത്തി.
”പത്ത് വർഷം മുമ്പത്തെ രഞ്ജി ട്രോഫിയുടെ നിലവാരം ഇപ്പോള്‍ ഉണ്ടെന്ന് ആത്മവിശ്വാസത്തോടെ എനിക്ക് പറയാനാവില്ല. രാജ്യത്തിനായി കളിക്കുന്ന കളിക്കാർക്ക് കളി മെച്ചപ്പെടുത്താൻ ആഭ്യന്തര ക്രിക്കറ്റ് കൊണ്ട് ഉപകരിക്കുമെന്ന് തോന്നണം. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരാള്‍ക്ക് തോന്നില്ല”- ഉത്തപ്പ പറഞ്ഞു.
രഞ്ജി ട്രോഫി മത്സരങ്ങളില്‍ കളിക്കാന്‍ വിമുഖത കാണിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ബി.സി.സി.ഐ നേരത്തേ തന്നെ വടിയെടുത്തിരുന്നു. രഞ്ജി കളിക്കാതെ ഐപിഎല്ലിനായി തയാറെടുക്കുന്ന താരങ്ങള്‍ക്ക് മുന്നറിയിപ്പുമായാണ് ബിസിസിഐ രംഗത്തെത്തിയത്. ദേശീയ ടീമില്‍ ഇല്ലാത്ത താരങ്ങള്‍ എത്ര സീനിയറായാലും രഞ്ജി ട്രോഫിയില്‍ അവരുടെ സംസ്ഥാനത്തിന് വേണ്ടി കളിക്കണമെന്ന കർശന നിർദേശമാണ് ബിസിസിഐ പുറപ്പെടുവിച്ചത്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ഇഷാനും അയ്യരും രഞ്ജി കളിക്കാനില്ലെന്ന് തീരുമാനിച്ചത്.
പരിക്കൊന്നുമില്ലാതിരുന്നിട്ടും സ്വന്തം സംസ്ഥാനമായ ജാർഖണ്ഡിന്റെ രഞ്ജി ടീമില്‍ കളിക്കാൻ ഇഷാൻ കിഷൻ തയാറായിരുന്നില്ല. പരിശീലകൻ രാഹുല്‍ ദ്രാവിഡിന്റെ നിർദേശം പോലും അവഗണിച്ചായിരുന്നു 25 കാരന്റെ പെരുമാറ്റം. ഇതോടെയാണ് കർശന നിർദേശവുമായി ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. ചിലർ ഇപ്പോഴേ ഐപിഎല്‍ മോഡിലാണെന്ന് ബിസിസിഐ കുറ്റപ്പെടുത്തി.
ശ്രേയസ് അയ്യറും രഞ്ജിയില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. നടുവേദനയുള്ളതിനാല്‍ കളിക്കാൻ സാധിക്കില്ലെന്നായിരുന്നു താരം പറഞ്ഞത്. രഞ്ജി ക്വാർട്ടർ പോരാട്ടത്തില്‍ മുംബൈക്കായി ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ശ്രേയസ് നടുവേദനയുണ്ടെന്ന് പരാതിപ്പെട്ടത്. എന്നാല്‍ താരത്തിന് പരിക്കുകളൊന്നുമില്ലെന്നും ഫിറ്റ്നസ് വീണ്ടെടുത്തതായും ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ബി.സി.സി.ഐക്ക് റിപ്പോർട്ട് നല്കി. ഇന്ത്യൻ ടീം വിട്ടതിന് ശേഷം താരത്തിന് മറ്റ് പരിക്കുകളൊന്നുമുണ്ടായിട്ടില്ല എന്ന് ദേശിയ ക്രിക്കറ്റ് അക്കാദമിയിലെ സ്പോർട്സ് ആൻഡ് സയൻസ് മെഡിസിൻ വിഭാഗം മേധാവി നിതിൻ പട്ടേല്‍ അയച്ച റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.