അവൻ അവരോട് പറഞ്ഞു നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ..! ദൈവത്തിന്റെ ആ വചന സന്ദേശം പൂർത്തിയാക്കി റവ.ഫാ.ജോൺ മുണ്ടയ്ക്കൽ മടങ്ങി; വൈദിക ശ്രേഷ്ഠന്റെ മടക്കം വിശ്വാസികൾക്ക് ദൈവസന്ദേശം പകർന്നു നൽകിയ ശേഷം; യുകെയിലും വിവിധ രാജ്യങ്ങളിലും വൈദിക സേവനം അനുഷ്ഠിച്ച വൈദിക ശ്രേഷ്ഠന്റെ വിടവാങ്ങലിൽ വിങ്ങി വിശ്വാസികൾ

ലണ്ടൻ: കർത്താവിന്റെ മഹത്വവും ദൈവ വചനവും സാധാരണക്കാരായ ജനങ്ങളുടെ മനസിൽ നിറച്ച വൈദിക ശ്രേഷ്ഠന് വിട നൽകി വിശ്വാസികൾ. അഞ്ചര പതിറ്റാണ്ട് നീണ്ട വൈദിക വൃത്തിയ്ക്ക് അവസാനം കുറിച്ച് ഫാ.റവ.ജോൺ മുണ്ടയ്ക്കൽ (83) വിടവാങ്ങി. 1940 ഓഗസ്റ്റ് 17 ന് കോട്ടയം ജില്ലയിലെ പാലാ കൊഴുവനാലിൽ ജനിച്ച ഫാ.റവ.ജോൺ മുണ്ടയ്ക്കൽ തന്റെ ദൈവ വചന പ്രഘോഷണം യുകെയിലും സ്‌കോട്‌ലൻഡിലും അടക്കം നടത്തിയാണ് വിട വാങ്ങുന്നത്. യു.കെയിലെയും, സ്‌കോട് ലൻഡിലെയും വിശ്വാസികൾക്കിടയിൽ വലിയ സ്വീകാര്യത നേടിയാണ് വൈദിക ശ്രേഷ്ഠൻ വിടവാങ്ങുന്നത്.
കോട്ടയം പാലാ കൊഴുവനാൽ മേരിയുടെയും, ചെറിയാന്റെയും ഇളയ മകനായ ജോൺ മുണ്ടയ്ക്കൽ ചങ്ങനാശേരി അതിരൂപതയിലെ വെട്ടിമുകൾ സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്. 1960 ൽ തന്റെ ഇരുപതാം വയസിൽ ലിറ്റിൽ ഫ്‌ളവർ കോൺഗ്രിഗേഷൻ അംഗമായാണ് ഇദ്ദേഹം തന്റെ വൈദിക ജീവിതം ആരംഭിക്കുന്നത്. 1970 ഡിസംബർ 22 നാണ് ഇദ്ദേഹത്തിന് വൈദിക പട്ടം ലഭിക്കുന്നത്. വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിലാണ് ഇദ്ദേഹം ആദ്യമായി വൈദികനായി സേവനം അനുഷ്ഠിച്ചത്.
53 വർഷത്തെ വൈദിക ജീവിതത്തിന് ഇടയിൽ , തൃക്കാക്കര വിജ്ഞാൻ ഭവനിലെ വൈസ് റെക്ടറർ, തുടർന്ന് ആലുവ ലിറ്റിൽ ഫ്‌ളവർ സെമിനാരി എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചു. 1976 ൽ ഗൊരഖ്പൂറിലും, 1980 ൽ പഞ്ചാബിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു. 2002 മുതൽ 2005 ഇദ്ദേഹം ക്രിസ്ത്യു ജ്യോതി പ്രൊവിൻസ് പഞ്ചാബിന്റെ ഫസ്റ്റ് പ്രൊവിൻഷ്യൽ സൂപ്പർവൈസറായും സേവനം അനുഷ്ഠിച്ചു. വൈദിക വൃത്തിയുടെ ചുരുങ്ങിയ കാലം ജർമ്മനിയിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് സ്‌കോട്ട്‌ലൻഡിലെ ഡുൻഡെയിലും ഇദ്ദേഹം പ്രവർത്തിച്ചു. 2007 മുതൽ 2015 വരെ സ്‌കോട്ട്‌ലൻഡിലെ ഡുൻഡൈയിലെ ഡൻകെൽഡ് ഇടവകയിലെ സെന്റ് ക്ലമന്റ് പാരിഷിലെ വൈദികനായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു. ഇവിടെ വൈദിക സേവനത്തിൽ നിന്നും വിരമിച്ച ശേഷം യുകെയിലെ പ്രായമായവരെ സംരക്ഷിക്കുന്ന സിസ്റ്റേഴ്‌സ് ഓഫ് പുവറിലായിരുന്നു ഇദ്ദേഹം. 2022 ൽ കാൻസർ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മുടിയ്ക്കലിലെ ക്രിസ്ത്യുജ്യോതി മിഷൻ ഭവനിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ഒക്ടോബർ 17 ചൊവ്വാഴ്ച പുലർച്ചെ ആറിന് ഭൗതിക ദേഹം മുടിയ്ക്കലിലെ ക്രിസ്തുജ്യോതി മിഷൻ ഭവനിൽ എത്തിക്കും. ഏഴിന് സംസ്‌കാര ശുശ്രൂഷകളും പ്രാർത്ഥനകളും അരംഭിക്കും. 12.30 ന് ആലുവ ലിറ്റിൽ ഫ്‌ളവർ സെമിനാരിയിൽ ഭൗതിക ദേഹം എത്തിക്കും. തുടർന്ന്, രണ്ടരയ്ക്ക് സംസ്‌കാര ചടങ്ങുകൾ നടക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.