ഹൈദരാബാദ് : ലോകകപ്പ് മത്സരത്തില്‍ നെതര്‍ലൻഡ്സിനെതിരേ 323 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ന്യൂസീലൻഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തു.വില്‍ യങ്, രചിൻ രവീന്ദ്ര, ക്യാപ്റ്റൻ ടോം ലാഥം എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് കിവീസിനെ മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെയ്ക്കൊപ്പം 67 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് യങ് തുടങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പൻ സെഞ്ചുറി നേടിയ കോണ്‍വെയ്ക്ക് ഡച്ച് ടീമിനെതിരേ 40 പന്തില്‍ നിന്ന് 32 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
കോണ്‍വെ പുറത്തായ ശേഷം രണ്ടാം വിക്കറ്റില്‍ രചിനെ കൂട്ടുപിടിച്ച് 77 റണ്‍സും യങ് കൂട്ടിച്ചേര്‍ത്തു. 80 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 70 റണ്‍സെടുത്ത യങ്ങിനെ മടക്കി പോള്‍ വാൻ മീകെരനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 51 പന്തുകള്‍ നേരിട്ട രചിൻ രവീന്ദ്ര ഒരു സിക്സും മൂന്ന് ഫോറുമടക്കം 51 റണ്‍സെടുത്ത് പുറത്തായി. ഇരുവരും പുറത്തായ ശേഷം നാലാം വിക്കറ്റില്‍ ഒന്നിച്ച ഡാരില്‍ മിച്ചലും ടോം ലാഥവും കിവീസ് ഇന്നിങ്സ് ശ്രദ്ധയോടെ മുന്നോട്ടുകൊണ്ടുപോയി. 53 റണ്‍സ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തു. 47 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 48 റണ്‍സെടുത്ത മിച്ചലിനെ പുറത്താക്കി ഈ കൂട്ടുകെട്ടും പോള്‍ വാൻ മീകെരനൻ പൊളിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ തുടര്‍ന്നെത്തിയ ഗ്ലെൻ ഫിലിപ്സും (4), മാര്‍ക്ക് ചാപ്മാനും (5) നിരാശപ്പെടുത്തി. അവസാന ഓവറുകളില്‍ സ്കോര്‍ ഉയര്‍ത്താൻ ശ്രമിക്കുന്നതിനിടെ ടോം ലാഥവും പുറത്തായി. 46 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 53 റണ്‍സെടുത്ത ലാഥത്തെ സ്കോട്ട് എഡ്വേര്‍ഡ്സ് ആര്യൻ ദത്തിന്റെ പന്തില്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.അവസാന ഓവറുകളിലെ മിച്ചല്‍ സാന്റ്നറുടെ വെടിക്കെട്ടാണ് കിവീസ് ഇന്നിങ്സ് 300 കടത്തിയത്. വെറും 17 പന്തുകള്‍ നേരിട്ട സാന്റ്നര്‍ മൂന്ന് ഫോറും രണ്ട് സിക്സും പറത്തി 36 റണ്‍സോടെ പുറത്താകാതെ നിന്നു.
നെതര്‍ലൻഡ്സിനായി ആര്യൻ ദത്ത്, പോള്‍ വാൻ മീകെരൻ, റൊളോഫ് വാൻഡെര്‍ മെര്‍വെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ നെതര്‍ലൻഡ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.