പാരീസ്: ആദ്യം എത്തിയത് ഒളിംപിക്‌സ് പതാകയുമായി അഭയാർത്ഥികൾ. പിന്നാലെ, അഭയാർത്ഥികളെക്കാൾ ദുരിതം അനുഭവിക്കുന്ന അഫ്ഗാനിസ്ഥാൻ..! ചരിത്രം തിരുത്തി സൈയിനേ നദിയിലൂടെയുള്ള പാരീസ് ഒളിംപിക്‌സിന്റെ മാർച്ച് പാസ്റ്റിനു തുടക്കമായി. 10500 അത്‌ലറ്റുകൾ 90 ബോട്ടുകളിലായി ആറു കിലോമീറ്റർ ദൂരമാണ് നദിയിലൂടെ ഒളിംപിക്‌സ് മാർച്ച് പാസ്റ്റിലാടി കടന്നു പോകുക. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ നദിയിലൂടെ ഒളിംപിക്‌സ് മാർച്ച് പാസ്റ്റ് നടക്കുന്നത്. 100 വർഷത്തിന് ശേഷം പാരീസിൽ എത്തിയ ഒളിംപിക്‌സിനെ വ്യത്യസ്തമായ ആഘോഷങ്ങളിലൂടെ ഫ്രാൻസ് ഏറ്റെടുത്തിരിക്കുകയാണ്. സ്റ്റേഡിയത്തിനുള്ളിൽ മാത്രം നടന്നിരുന്ന ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകളെയും, മാർച്ച് പാസ്റ്റിനെയും ദീപ ശിഖ തെളിയിക്കുന്നതിനെയും ആദ്യമായാണ് ഇക്കുറി പുറത്ത് എത്തിച്ചിരിക്കുന്നത്. നദിക്കരയിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഒളിംപിക്‌സ് ദീപ ശിഖ തെളിയിക്കുന്നത്.