ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതിതീവ്യമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അവശ്യമരുന്നുകളുടെ സ്റ്റോക്ക് ഉറപ്പാക്കാനും മെഡിക്കല്‍ ഓക്സിജന്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുമായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്ത കൊവിഡ് ദുരിതാശ്വാസ പാക്കേജിന്റെ വിനിയോഗത്തിന്റെ സ്ഥിതിയും യോഗത്തില്‍ അവലോകനം ചെയ്യും.
അതേസമയം, തമിഴ്നാട്ടില്‍ വിദേശത്ത് നിന്നെത്തിയ 33 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. വിദേശത്ത് നിന്നെത്തിയ 65 പേരെ പരിശോധിച്ചപ്പോഴാണ് 33 പേരില്‍ രോഗം കണ്ടെത്തിയത്. ഇതില്‍ 26 പേരും ചെന്നൈയിലുള്ളവരാണ്. ഇതോടെ തമിഴ്നാട്ടിലെ ആകെ ഒമിക്രോണ്‍ കേസ് 34 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലള്ളവരെ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി ആരോഗ്യമന്ത്രി അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്രവം ജീനോം സീക്വന്‍സിംഗിന് അയച്ചത്. ഇവരെ ആശുപത്രിയിലേക്കു മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ രാജ്യ തലസ്ഥാനത്തും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിക്ക് പുറമേ കര്‍ണാടകയിലും മുംബൈയിലും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 250 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി അടിയന്തര യോഗം ചേരുന്നത്.