ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ സംശയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പരിശോധന ഫലം ഇന്നറിയാം. ഡെല്‍റ്റ വൈറസില്‍ നിന്ന് വ്യത്യസ്തമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ ജാഗ്രത ശക്തമാണ്. ഒമിക്രോണ്‍ വകഭേദമാണോ എന്നതില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രസഹായം തേടി. മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ സാംപിള്‍ ഐസിഎംആറിന് നല്‍കിയത്.
ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ അറുപത്തിമൂന്നുകാരന് ബംഗളൂരുവില്‍ എത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെല്‍റ്റാ വൈറസ് എന്ന് വ്യക്തമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ എല്ലാം ക്വാറന്റീലാക്കി. ഇവരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. വിമാനത്താവളങ്ങളില്‍ അടക്കം കര്‍ശന പരിശോധനയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം, ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തി കൊവിഡ് സ്ഥിരീകരിച്ച ഡോംബിവലി സ്വദേശിക്ക് നിലവില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. കല്യാണിലെ ക്വാറന്റീന് കേന്ദ്രത്തില്‍ കഴിയുന്ന ഇയാളുടെ സ്രവം ജിനോം സീക്വന്‍സിംഗിന് അയച്ചിരിക്കുകയാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 99 പേര് മുംബൈയില്‍ മാത്രം നിരീക്ഷണത്തിലുണ്ട്.ഡെല്‍റ്റ വകഭേദത്തേക്കാള്‍ ആറിരട്ടി വ്യാപനശേഷി ഒമിക്രോണിനുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ സ്രവ പരിശോധന കര്‍ശനമാക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന് ശേഷം ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.