കൊച്ചി: ഓണക്കിറ്റ് വിതരണം നിശ്ചയിച്ച ദിവസം തന്നെ തുടങ്ങിയെങ്കിലും റേഷൻ വ്യാപാരികൾക്ക് പ്രശ്നങ്ങളുടെ കാലം. ഓണത്തിന് മഞ്ഞക്കാർഡുകാർക്ക് ഒരുകിലോ സ്പെഷ്യൽ പഞ്ചസാരയും നീല, വെള്ള കാർഡുകാർക്ക് പത്ത് കിലോ സ്പെഷ്യൽ അരിയും നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ സ്പെഷ്യൽ പഞ്ചസാരയോ അരിയോ ഒന്നും സ്റ്റോക്ക് ഇല്ലെന്ന് വ്യാപാരികൾ പറയുന്നു. ഗോഡൗണുകളിൽ സ്റ്റോക്കില്ലാത്ത സ്ഥിതിയാണ്.
മഞ്ഞകാർഡുകാർക്ക് സാധാരണ ലഭിക്കുന്ന ഒരു കിലോയ്ക്ക് പുറമേ ഒരു കിലോ കൂടി പഞ്ചസാര ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. ഓണക്കിറ്റിലെ ഒരുകിലോ കൂടി ചേരുമ്പോൾ മൂന്ന് കിലോയാണ് നൽകേണ്ടത്. ജില്ലയിലെ 36,915 മഞ്ഞ കാർഡുകാർക്ക് ഒരുകിലോ വീതം പോലും നൽകാൻ സാധിക്കാത്ത അവസ്ഥയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നീല, വെള്ള കാർഡുകാർക്ക് സ്പെഷൽ അരി 10കിലോ നൽകാനാണ് തീരുമാനം. അഞ്ച് കിലോ വീതം ചെമ്പാവ് അരിയും പച്ചരിയും. ഇതും കടകളിലെത്തിയിട്ടില്ല. ഇ- പോസ് മെഷീനിലും സ്പെഷ്യൽ അരി സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടില്ല. നിലവിലുള്ള അരി സ്പെഷൽ അരിയെന്ന പേരിൽ ചില റേഷൻ കടക്കാർ നൽകുന്നുണ്ടെങ്കിലും പിന്നീട് പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
ഇ- പോസിൽ നിരന്തര തടസം
ഇ-പോസ് മെഷീനിൽ നിരന്തരം നേരിടുന്ന തടസവും വ്യാപാരികൾക്ക് തലവേദനയാണ്. സെർവർ പ്രശ്നവും അപ്ഡേഷനുമാണ് കാരണമായി പറയുന്നത്. ഓണക്കിറ്റ് വിതരണത്തിന്റെ ആദ്യദിനം തന്നെ ഇ-പോസ് പണിമുടക്കി. ഇന്നലെയും ഉച്ചയ്ക്ക് ശേഷം പലയിടത്തും ഇതാവർത്തിച്ചു.
മണ്ണെണ്ണയ്ക്ക് നെട്ടോട്ടം
മണ്ണെണ്ണ മൊത്തവിതരണ കേന്ദ്രങ്ങൾ പലതും നിറുത്തിയതും വ്യാപാരികൾക്ക് തിരിച്ചടിയാണ്. ആമ്പല്ലൂരും, കണയന്നൂരും ഉൾപ്പടെ വിരലില്ലെണ്ണാവുന്ന സ്ഥലങ്ങളിൽ മാത്രമാണിപ്പോൾ മൊത്തവിതരണ കേന്ദ്രങ്ങളുള്ളത്.
2021ലെ കമ്മിഷനും കിട്ടിയില്ല
2021മേയിൽ വിതരണം ചെയ്ത 85,29,179 കിറ്റുകൾക്ക് കമ്മിഷൻ ഇനത്തിൽ ഒരു കിറ്റിന് അഞ്ചു രൂപ വച്ച് 4,26,45,895 രൂപ വ്യാപാരികൾക്ക് നൽകാൻ ഈമാസം അഞ്ചിന് സർക്കാർ ഉത്തരവായെങ്കിലും വ്യാപാരികളുടെ കൈയിൽ എത്തിയിട്ടില്ല.