തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാല് പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അനുമതിയില്ലാതെ ആണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്ന് ജില്ലാ ഫയർഫോഴ്സ് അറിയിച്ചു. തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ചാണ് നാടിനെയാകെ നടുക്കിയ അപകടമുണ്ടായത്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.
തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റർ അകലെ വരെ സ്ഫോടകാവശിഷ്ടങ്ങളെത്തി. ഒരു കിലോമീറ്റർ അകലെ നിന്നും വരെ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പത്തരയോടെയാണ് അപകടമുണ്ടായത്. അടുത്തുളള വീടുകളെല്ലാം തകർന്നു. ആദ്യഘട്ടത്തില്‍ ഇരുപതോളം വീടുകള്‍ക്ക് കേടുപാടുണ്ടായെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ 45 ഓളം കെട്ടിടങ്ങള്‍ തകർന്നതായി പ്രദേശവാസികള്‍ പറഞ്ഞു.