ചെന്നൈ: പൊലീസുമായുണ്ടായ സംഘർഷത്തില്‍ നാം തമിഴർ കക്ഷി (എൻടികെ) നേതാവും നടനും സിനിമാ നിർമാതാവുമായ സീമാന്റെ സുരക്ഷാ ജീവനക്കാരൻ അറസ്റ്റില്‍. സീമാന്റെ നീലങ്കരയിലെ വീട്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ വലസരവക്കം പൊലീസ് സ്റ്റേഷനില്‍ സീമാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് പതിച്ചിരുന്നു. ഇത് കീറിക്കളഞ്ഞതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.
സീമാന്റെ ഭാര്യയുടെ നിർദേശപ്രകാരം സഹായി സുബാകരനാണ് സമൻസ് കീറിക്കളഞ്ഞത്. ഇതറിഞ്ഞെത്തിയ നീലാങ്കര പൊലീസും സുരക്ഷാ ജീവനക്കാരനും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസിനുനേരെ തോക്ക് ചൂണ്ടിയ സുരക്ഷാ ജീവനക്കാരനായ അമല്‍ രാജ് ആണ് അറസ്റ്റിലായത്. കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. തോക്ക് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ സുബാകരനും അറസ്റ്റിലായിട്ടുണ്ട്.