കൊച്ചി: പ്രശസ്ത ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്ത് ജെറിൻ ആണ് വരൻ. പത്തനംതിട്ട സ്വദേശിയായ ജെറിൻ ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എച്ച്.ആർ. മാനേജർ ആയി ജോലി ചെയ്യുകയാണ്. നാളെ രാവിലെ തിരുവനന്തപുരത്തുവച്ചാണ് വിവാഹം.
വിവാഹശേഷം ഇരുവരും മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലേക്ക് പോകും. അവിടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമാണ് വിവാഹവിരുന്ന്.
ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും ജെറിനും. മസ്കറ്റിൽ ആയിരുന്നു ഇരുവരുടേയും വിദ്യാഭ്യാസകാലം. അന്നത്തെ സൗഹൃദമാണ് പിന്നീട് വളർന്ന് വിവാഹത്തിലേക്ക് എത്തിയത്. വ്യക്തിപരമായി തീരുമാനമെടുത്ത ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാരും വിവാഹത്തിനു സമ്മതം മൂളി.
മലയാളത്തിൽ ഏറെ ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ച കലാകാരിയാണ് മഞ്ജരി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.
താമരക്കുരുവിക്ക് തട്ടമിട്, ഒരു ചിരി കണ്ടാൽ, പിണക്കമാണോ എന്നോടിണക്കമാണോ, ആറ്റിൻകരയോരത്ത്, റംസാൻ നിലാവിന്റെ, എന്തേ കണ്ണന്, നേരാണേ എല്ലാം നേരാണേ, കൈ നിറയെ വെണ്ണ തരാം, മുറ്റത്തെ മുല്ലേ ചൊല്ല്, കയ്യെത്താ കൊമ്ബത്ത്, മഴവില്ലിൻ നീലിമ കണ്ണിൽ, ഈറൻ മേഘമേ എന്നിവയാണ് മഞ്ജരിയുടെ സൂപ്പർഹിറ്റ് ഗാനങ്ങൾ.
ഒന്നാം ക്ലാസിലെ കൂട്ടുകാർ ഇനി എന്നും കൂട്ടായി ഒപ്പമുണ്ടാകും..! ഒന്നാം ക്ലാസു മുതലുള്ള കൂട്ടുകാരനെ വിവാഹം ചെയ്യാനൊരുങ്ങി മഞ്ജരി; വിവാഹം നാളെ തിരുവനന്തപുരത്ത്; വിരുന്ന് ഭിന്നശേഷിക്കാർക്കൊപ്പം
Advertisements