വടക്കഞ്ചേരി : ഓണ്‍ലൈൻ തട്ടിപ്പില്‍ നഷ്ടപ്പെട്ട തുക തിരികെപിടിക്കാനായി ഓണ്‍ലൈൻ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍.ഓണ്‍ലൈൻ തട്ടിപ്പിലൂടെ യുവതിയില്‍നിന്ന് 1.93 ലക്ഷം രൂപ കൈക്കലാക്കിയ കേസിലാണ് കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശി സുജിത്തി(34)നെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈൻ തട്ടിപ്പിലൂടെ സുജിത്തിന് 1.40 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇത് തിരിച്ച് പിടിക്കുന്നതിനായാണ് വടക്കഞ്ചേരി സ്വദേശിനിയായ യുവതിയില്‍ നിന്നും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയതെന്നാണ് പോലീസ് പറയുന്നത്.
1.93 ലക്ഷം രൂപയാണ് യുവതിക്ക് നഷ്ടപ്പെട്ടത്. വർക്ക് ഫ്രം ഹോം എന്ന പേരില്‍ സാമൂഹികമാധ്യമത്തില്‍ വന്ന സന്ദേശത്തിലൂടെയാണ് യുവതി കെണിയില്‍ വീണത്. ആദ്യഘട്ടത്തില്‍ ഓണ്‍ലൈനില്‍ വിവിധ ടാസ്കുകള് പൂർത്തിയാക്കിയപ്പോള്‍ പണം ലഭിച്ചു. തുടർന്ന് നിശ്ചിത തുകയടച്ച് ടാസ്ക് തിരഞ്ഞെടുക്കുന്ന രീതിയായി. ഇതിലും പണം തിരികെ ലഭിച്ചതോടെ വിശ്വാസം വർധിച്ചു. ഉയർന്ന തുകയ്ക്കുള്ള ടാസ്കുകള് തിരഞ്ഞെടുത്തത്തോടെ പണം തിരികെ ലഭിക്കാതാവുകയായിരുന്നു. തുടർന്ന് തട്ടിപ്പാണെന്ന സംശയം തോന്നിയതോടെ യുവതി പരാതി നല്‍കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
93000 രൂപ പല അക്കൗണ്ടുകളിലേക്കും ഒരു ലക്ഷം രൂപ സുജിത്തിന്റെ അക്കൗണ്ടിലേക്കുമാണ് അയച്ചത്.ഈ തുക പിൻവലിക്കും മുമ്ബ് അക്കൗണ്ട് മരവിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. തട്ടിപ്പിന് പിന്നിലെ സൂത്രധാരന്മാർ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.ഉത്തരേന്ത്യൻ സംഘം നേരത്തെ സുജിത്തില്‍നിന്ന് ഓണ്‍ലൈൻ വഴി പണം തട്ടിയിരുന്നു. പിന്നീട് ഇവരില്‍നിന്ന് ഓണ്‍ലൈൻ തട്ടിപ്പിന്റെ രീതി മനസ്സിലാക്കി സുജിത്ത് യുവതിയില്‍നിന്ന് പണം തട്ടിയെടുത്തെന്നാണ് വടക്കഞ്ചേരി പോലീസ് പറയുന്നത്.