പത്തനംതിട്ട: പുതുവത്സരത്തില്‍ പത്തനംതിട്ടയിലെ ഫ്രീക്കന്മാര്ക്ക് സമ്മാനവുമായി കാത്തിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. സമ്മാനം മറ്റൊന്നുമല്ല, ട്രാഫിക് നിയമങ്ങള്‍ എല്ലാം പാലിക്കച്ച് മര്യാദയ്ക്ക് വണ്ടി ഓടിച്ചില്ലെങ്കില് മോട്ടര്‍വാഹന വകുപ്പിന്റെ പിടിവീഴും. അമിതവേഗം, ആള്‍ട്ടറേഷന്‍, മതിയായ രേഖകള്‍ ഇല്ലാതിരിക്കുക തുടങ്ങി എല്ലാത്തിനും പിഴ നല്‍കേണ്ടി വരും. ഇന്നലെ മാത്രം 126 കേസാണ് റജിസ്റ്റര്‍ ചെയ്തത്. 111പേര്‍ക്ക് താക്കീത് നല്കി.
പത്തനംതിട്ട ആര്.ടി.ഒ എ.കെ.ദിലു നേതൃത്വം നല്കുന്ന ഓപ്പറേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ആര്. ടി. ഒ, ജില്ലയിലെ വിവിധ സബ് ആര് ടി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. എം.വി.ഐ മാരായ പ്രസാദ്, പദ്മകുമാര്‍, അജി.ബി, അരുണ്‍കുമാര്‍ കെ, അജയ് കുമാര്‍, അരവിന്ദ്, ഷിബു, സൂരജ് എന്നിവര്‍ നേതൃത്വം വഹിച്ചു.സിഗ്നല്‍ ലൈറ്റുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. യൂണിഫോമിലും മഫ്തിയിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഫ്തിയിലുള്ള ഉദ്യോഗസ്ഥര്‍ വിവരം കൈമാറുന്നതനുസരിച്ചായിരിക്കും സിഗ്നല്‍ പോയിന്റുകളില്‍ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുക. ബ്രീത്ത് അനലൈസര്‍, ഹാന്‍ഡ് ഹെല്‍ഡ് സ്പീഡ് റഡാര്‍, കാമറകള്‍ എന്നിവയുടെ സഹായം പ്രയോജനപ്പെടുത്തും. കുറ്റക്കാര്‍ക്കെതിരെ വാഹന രജിസ്ട്രേഷന്, ലൈസന്‍സ് എന്നിവയില്‍ സസ്പെന്ഷന് നപടികള്‍ ഉണ്ടാകുമെന്ന് ആര്.ടി.ഒ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ പുതുവത്സര ദിനങ്ങളില്‍ അപകടങ്ങള്‍ കൂടിയതോടെയാണ് ഓപ്പറേഷന് ഫ്രീക്കനുമായി മോട്ടര്‍ വാഹന വകുപ്പ് ഇറങ്ങിയത്. ഒരേസമയം പത്തിലധികം ഇടങ്ങളിലായിരുന്നു പരിശോധന. ഉദ്യോഗസ്ഥര്‍ മഫ്തിയിലും യൂണിഫോമിലുമുണ്ട്. നൂറിലധികം ആളുകള്‍ക്ക് താക്കീത് നല്കി വിട്ടയച്ചു. വരും ദിവസങ്ങളിലും ഓപ്പറേഷന് ഫ്രീക്കന്‍ തുടരും.