കൊക്കയാറില്‍ ദുരന്തമുണ്ടായ ആദ്യ ദിവസം രക്ഷാപ്രവര്‍ത്തനം നടന്നില്ല; ദുരന്ത നിവാരണം മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം: കേരളം നാലു വര്‍ഷം തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങള്‍ക്കിരയായിട്ടും ദുരന്ത നിവാരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 2018 ലെ മഹാപ്രളയകാലത്തുള്ള അതേ ദുരന്ത നിവാരണ സംവിധാനങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്. ദുരന്ത നിവാരണവും ദുരന്ത ലഘൂകരണവും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമായി മാറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisements

കോട്ടയം ഇടുക്കി ജില്ലകളിലെ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ സംവിധാനങ്ങളിലെ അപര്യാപ്തത നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രധാകൃഷ്ണന്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്, ഒറീസ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മുന്നറിയിപ്പ് സംവിധാനം ശക്തമാക്കി. എന്നാല്‍ കേരളത്തിലെ ദുരന്ത നിവാരണ അതോറിട്ടി ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. അതോറിട്ടിയിലെ ഏക വിദഗ്ധന്‍ ദുരന്ത സമയത്ത് പോലും കേരളത്തിലുണ്ടായിരുന്നില്ല. 2018 ലെ പ്രളയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് എന്തു രക്ഷാ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയത്? മുഖ്യമന്ത്രിക്ക് കീഴിലുള്ള ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ അതിതീവ്ര മഴയും മണ്ണിടിച്ചിലും പ്രളയവും നിയന്ത്രിക്കുന്നതിനാവാശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലെ ഏതെങ്കിലും ഒരു ശിപാര്‍ശ നടപ്പിലാക്കിയോ? നടപ്പാക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ് കമ്മിറ്റികള്‍ രൂപീകരിക്കുകയും റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നത്?

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ ഏകോപനമാണ് വേണ്ടത്. ഒരോ ജില്ലകളിലെയും വ്യത്യസ്തമായ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വികേന്ദ്രീകൃതമായി വേണം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഒക്ടോബര്‍ 12 ന് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഒരു മുന്നറിയിപ്പും കിട്ടിയില്ലെന്നാണ് ദുരന്ത നിവാരണ അതോറിട്ടി പറയുന്നത്. ഒക്ടോബര്‍ 14 ന് തൃശൂര്‍ കളക്ടര്‍ ജില്ലയില്‍ മൂന്നു ദിവസം അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു. പിന്നെ എന്തുകൊണ്ടാണ് ദുരന്ത നിവാരണ അതോറിട്ടിയിലെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഈ മുന്നറിയിപ്പുകളൊന്നും കാണാതെ പോയത്?

കൊക്കയാറില്‍ ദുരന്തമുണ്ടായി ആദ്യ ദിവസം ഒരു രക്ഷാപ്രവര്‍ത്തനവും നടന്നില്ല. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖ പോലുമില്ലാത്ത ഏക സംസ്ഥാനമാണ് കേരളം. പ്രകൃതി ദുരന്തങ്ങളെ തടഞ്ഞു നിര്‍ത്താനാകില്ല. എന്നാല്‍ ആഘാതം ലഘൂകരിക്കാനാകും. നദികളില്‍ വെള്ളം നിറഞ്ഞാല്‍ ഏതൊക്കെ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നു മുന്‍കൂട്ടി മനസിലാക്കാനുള്ള മാപ്പ് പോലും തയാറാക്കിയിട്ടില്ല. 2009 ല്‍ സെസ് പുറത്തിറക്കിയ മാപ്പിന്റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ അതോറിട്ടി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. 2018 ല്‍ പശ്ചിമഘട്ട മേഖലയിലെ ചെറുതും വലുതുമായ മണ്ണിടിച്ചിലുകള്‍ ഉണ്ടായതിനു പിന്നാലെ 233 ക്വാറികള്‍ക്കാണ് അനുമതി നല്‍കിയത്. ലൈസന്‍സ് പോലുമില്ലാത്ത ആറായിരത്തോളം ക്വാറികളാണ് സംസ്ഥാനത്തുള്ളത്. ക്വാറികള്‍ നിയന്ത്രിക്കാന്‍ അതിശക്തമായ ഇടപെടല്‍ നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ഭീതിയകറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനും സുരക്ഷയ്ക്കും ഹ്രസ്വ കാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.