വിയറ്റ്നാമീസ് മൃഗശാലയിലെ വംശനാശഭീഷണി നേരിടുന്ന ഒരു ഒറാംഗുട്ടാന് പുകവലിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
ഹോ ചി മിന് സിറ്റിയിലെ സൈഗോണ്‍ സൂ ആന്‍ഡ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വച്ചാണ് സംഭവം പകര്‍ത്തിയത്. ഈ ഫൂട്ടേജ് ഇന്റര്‍നെറ്റില്‍ കാട്ടുതീ പോലെ പടരുകയും മൃഗസ്നേഹികളെ ഇത് രോഷാകുലരാക്കുകയും ചെയ്യുന്നു. വീഡിയോയില്‍, ഒരു ആണ് ഒറാംഗുട്ടാന് മനുഷ്യനെപ്പോലെ വിരലുകള്‍ക്കിടയില്‍ സിഗരറ്റ് തിരുകി നിലത്തിരുന്ന് അത് ആഞ്ഞ് വലിക്കുന്നത് കാണാം. മാത്രവുമല്ല, രണ്ട് പ്രാവശ്യം സിഗരറ്റ് നീട്ടി വലിച്ച ശേഷം ഒറാംഗുട്ടാന് അവിടെ ഉണ്ടായിരുന്ന കല്ലിന്റെ പുറത്ത് സിഗരറ്റ് കുറ്റി കുത്തി കെടുത്തുന്നതും കാണാം. തുടര്‍ന്ന് അത് ശരിയായി കെട്ടുവെന്ന് നോക്കി ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ഈ ഒറാങ്കുട്ടാന് മലേഷ്യയിലെ ബോര്ണിയോയില് നിന്നാണ് വന്നിട്ടുള്ളത്. മൃഗശാലയിലെ അധികാരികള്‍ പറയുന്നത്, അവരുടെ സ്റ്റാഫല്ല ഒറാങ്കുട്ടാന് സിഗരറ്റ് നല്‍കിയതെന്നാണ്. മറിച്ച് അവിടെ എത്തിയ ഒരു സന്ദര്ശകന് അതിന്റെ കൂട്ടിലേക്ക് സിഗരറ്റ് എറിയുകയായിരുന്നു എന്നവര്‍ വെളിപ്പടുത്തി. എന്നാല്‍ ഒറാംഗുട്ടാന് എങ്ങനെ ഇത് വലിച്ചുവെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. സിഗരറ്റ് വലിക്കുന്നതിന് എങ്ങനെയെന്ന് ആരും പറഞ്ഞ് കൊടുക്കാതെ തന്നെ അത് എങ്ങനെ കൃത്യമായി വലിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. “ആളുകള്‍ പലപ്പോഴും മൃഗങ്ങളുടെ കൂടുകളിലേക്ക് സാധനങ്ങള്‍ വലിച്ചെറിയുന്നു. ആളുകള്‍ ഈ സാധനങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് നിരീക്ഷിക്കുന്ന ഒറാംഗുട്ടാന് അത് അതേപടി അനുകരിക്കുകയാണ് ചെയ്യുന്നത്” മൃഗശാലയുടെ വക്താവ് പറഞ്ഞു.
മൃഗശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ കാര്യങ്ങളും നിരീക്ഷിക്കാന്‍ കഴിയാറില്ലെന്നും വക്താവ് തുറന്ന് സമ്മതിക്കുന്നു. എന്നാല്‍ സംഭവത്തിന് ശേഷം ജീവനക്കാര്‍ എല്ലാ കൂടുകളും പരിശോധിച്ച് സിഗരറ്റ് പോലുള്ള അപകടകരമായ സാധങ്ങളില്ലെന്ന് ഉറപ്പ് വരുത്തി. മൃഗങ്ങളുടെ കൂടുകളിലേയ്ക്ക് ചപ്പുചവറുകള്‍ വലിച്ചെറിയരുതെന്ന് ആവശ്യപ്പെടുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും ആളുകള്‍ ഇതിനെ അവഗണിച്ച് പല സാധനങ്ങളും കൂട്ടിലേക്ക് എറിയുന്നുണ്ടെന്ന് മൃഗശാല പറയുന്നു.
മൃഗശാലകളില്‍ മൃഗങ്ങള്‍ സിഗരറ്റ് വലിക്കുന്ന നിരവധി കേസുകള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് ചൈനയില്‍. കഴിഞ്ഞ വര്‍ഷം, ഹെങ്ഷൂയി വന്യജീവി പാര്‍ക്കില്‍ പൊതുജനാരോഗ്യ കാമ്ബെയ്നിന്റെ ഭാഗമായി ഒരു കുട്ടിക്കുരങ്ങിനെ ക്യാമറയുടെ മുന്നില്‍ സിഗരറ്റ് വലിക്കാന്‍ നിര്‍ബന്ധിച്ചത് വലിയ വിവാദം ഉണ്ടാക്കി. സംഭവം കൈയില്‍ നിന്ന് പോയി എന്ന് തോന്നിയതോടെ മൃഗശാല പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന വിശദീകരണവുമായി മുന്നോട്ട് വന്നു. അവിടെയുള്ള കുരങ്ങുകള്‍ സാധാരണയായി പുകവലിക്കാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.