ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലഹരി വിരുദ്ധ കേരളയാത്രയ്ക്ക് ജൂലൈ 4 ന് കാസർഗോഡ് തുടക്കം

ചിത്രം : ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കേരളയാത്രയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ജെയിൻ സി മാത്യു, ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ്, ട്രഷറർ രെഞ്ചു.എം ജോയ്, അബി എബ്രഹാം, ജിജോ ജോർജ്, നിബിൻ നല്ലവീട്ടിൽ എന്നിവർ.

Advertisements

കോട്ടയം : സമൂഹത്തിൽ പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക, യുവാക്കളെയും, പുതുതലമുറയെയും ഈ വിപത്തിൽ നിന്ന് സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളുമായി ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലഹരി വിരുദ്ധ സന്ദേശ പ്രചാരണ യാത്ര ആരംഭിക്കുന്നു. 2025 ജൂലൈ 4 ന് കാസർ?ഗോഡ് നിന്നാരംഭിക്കുന്ന യാത്ര ജൂലൈ 12 ന് തിരുവനന്തപുരത്ത് പര്യവസാനിക്കും. 14 ജില്ലകളിലെ മലങ്കരസഭയുടെ 21 ഭദ്രാസനങ്ങളിലൂടെ യാത്ര കടന്നുപോകും. യാത്ര കടന്നുചെല്ലുന്ന ജില്ലാ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ സന്ദേശ സംഗമങ്ങൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 4ന് ഉച്ചക്ക് 2 മണിക്ക് കാസർഗോഡ് നർക്കിലക്കാട് എംജിഎം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിന്റെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിക്കും. കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജിർ ഫ്‌ലാഗ് ഓഫ് ചെയ്യും. യുവജനപ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.

ജൂലൈ 12 ന് വൈകീട്ട് 3.30ന് യാത്രയുടെ സമാപനസമ്മേളനം തിരുവനന്തപുരം പേരൂർക്കട തെക്കൻ പരുമല സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ നടക്കും. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, പി സി വിഷ്ണുനാഥ് എം.എൽ.എ, വി കെ പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.

സമാപന സമ്മേളന നഗരിയിൽ വെച്ച് വിവിധ ഭദ്രാസനങ്ങളുടെയും, യൂണിറ്റുകളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ ഡ്രക്‌സിറ്റ് എന്ന പേരിൽ തുടക്കമിട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സഭയുടെ യുവജനപ്രസ്ഥാനം ലഹരി വിരുദ്ധ സന്ദേശയാത്രയുമായി മുന്നോട്ട് പോകുന്നതെന്ന് കേന്ദ്ര യുവജന പ്രസ്ഥാനം പ്രസിഡന്റ് അഭി ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അറിയിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ ജെയിൻ സി മാത്യു, ജനറൽ സെക്രട്ടറി ഫാ വിജു ഏലിയാസ്, ട്രഷറർ രെഞ്ചു എം ജോയ്, ജിജോ ജോർജ്, അബി എബ്രഹാം കോശി, നിബിൻ നല്ലവീട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles