കൊച്ചി : കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ച സീനിയർ നഴ്സിങ് സൂപ്രണ്ട് പി.ബി. അനിതയുടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമിച്ച പശ്ചാത്തലത്തിലാണ് ഹർജി തീർപ്പാക്കിയതായി കോടതി അറിയിച്ചത്. നിയമന ഉത്തരവ് സർക്കാർ ഇന്ന് (തിങ്കളാഴ്ച) കോടതിയില്‍ ഹാജരാക്കി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സർക്കാർ സമർപ്പിച്ച റിവ്യൂ ഹർജി വേനലവധിയ്ക്കു ശേഷം പരിഗണിക്കാൻ മാറ്റി. പീഡനത്തിനിരയായ യുവതിയെ പിന്തുണച്ച അനിതയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലംമാറ്റിയ ആരോഗ്യവകുപ്പ് നടപടി വിവാദമായിരുന്നു. അനിതയുടെ വീഴ്ച മൂലമാണ് ആശുപത്രി ജീവനക്കാർ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതെന്ന ഡി.എം.ഇ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
നടപടിയെ ന്യായീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്തെത്തിയിരുന്നു. എന്നാല്‍, അനിതയുടെ ഹർജിയില്‍ ഏപ്രില്‍ ഒന്നിനകം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്ത സാഹചര്യത്തില്‍ അനിത കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമരം ആരംഭിക്കുകയും അതിജീവിത അനിതയെ പിന്തുണച്ച് നിരാഹാരമിരിക്കുകയും ചെയ്തു. തനിയ്ക്ക് നിയമനം നല്‍കാത്ത പശ്ചാത്തലത്തില്‍ അനിത കോടതി നടപടിയിലേക്ക് നീങ്ങിയതോടെ ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം അവരെ കോഴിക്കോട് നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി കേസ് അവസാനിപ്പിച്ചത്.