കണ്ണൂര്‍: ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയതില്‍ എന്താണ് മഹാപരാധമുള്ളതെന്ന് സിപിഎം നേതാവ് പി ജയരാജൻ. അർഹതയുണ്ടായിട്ടും സുനിക്ക് ആറ് വർഷമായി പരോള്‍ അനുവദിച്ചില്ല. കൊവിഡ് കാലത്തുപോലും പരോള്‍ നല്‍കിയിരുന്നില്ല. ഇടക്കാലത്തുണ്ടായ കേസുകളുടെ പേരില്‍ പരോള്‍ നല്‍കാതിരുന്നത് ശരിയായ തീരുമാനമാണ്. ജയില്‍ മേധാവി ഇപ്പോള്‍ പരോള്‍ നല്‍കിയത് അമ്മയുടെ പരാതിയിലും മാനുഷിക പരിഗണനയിലുമാണ്. കൊടിയുടെ നിറം നോക്കാതെ പരോള്‍ ശുപാർശ നല്‍കിയിട്ടുണ്ടെന്നും ജയരാജൻ ഫേസ്ബുക്കില്‍ കുറിച്ചു.
കണ്ണൂർ സെൻട്രല്‍ ജയില്‍ ഉപദേശക സമിതി അംഗമെന്ന നിലക്ക് കൊടിയുടെ നിറം നോക്കാതെ പരോള്‍ അനുവദിക്കുന്നതിന് ശുപാർശ ചെയ്തിട്ടുമുണ്ട്. കൊവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങള്‍ പരോളിലായിരുന്നു. കൊവിഡിന്‍റെ ഒരു ഘട്ടത്തിന് ശേഷം തടവുകാരോട് തിരികെ ജയിലില്‍ പ്രവേശിക്കാൻ സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയാണ് മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നല്‍കിയത് എന്നതും അനുഭവമാണ്. കൊവിഡ് കാലത്ത് പോലും കൊടി സുനിക്ക് പരോള്‍ നല്‍കിയിരുന്നില്ല. ആറുവർഷങ്ങള്‍ക്ക് ശേഷം അമ്മയുടെ പരാതിയെ തുടർന്ന് പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണുള്ളതെന്നും ജയരാജൻ ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടിപി വധക്കേസ് പ്രതി കൊടി സുനി പരോള്‍ ലഭിച്ചതിനെ തുടർന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. കൊടി സുനിയുടെ അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. പരോള്‍ ലഭിച്ചതോടെ സുനി ജയിലില്‍ നിന്നും പുറത്തിറങ്ങി. പരോള്‍ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നല്‍കിയത്. കമ്മീഷന്‍റെ കത്തിന്‍റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി പരോള്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയില്‍ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.