മലപ്പുറം: കോട്ടക്കല്‍ നഗരസഭയിലെ ചെയര്‍പേഴ്സണ്‍ സ്ഥാനം തിരിച്ചുപിടിച്ചതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസ്. ലീഗില്‍ നിന്ന് ആളെ പിടിക്കാൻ സിപിഎം വാതില്‍ തുറന്നിട്ടതായിരുന്നെന്നും കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ ഉള്ള രണ്ടെണ്ണം ആ വാതിലിലൂടെ പോയെന്നും ഒരാള്‍ ലീഗിന് വോട്ടും ചെയ്തെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.
മലപ്പുറം കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്സനായി മുസ്ലിം ലീഗിലെ ഡോക്ടര്‍ കെ ഹനീഷയെ തെരഞ്ഞെടുത്തു. ഒരു സിപിഎം കൗണ്‍സിലറുടെ വോട്ട് ഉള്‍പ്പെടെ 20വോട്ടാണ് ലീഗ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. സിപിഎമ്മിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിക്ക് 7 വോട്ടും ലഭിച്ചു. നഗരസഭാ അധ്യക്ഷയായിരുന്ന ബുഷ്റ ഷബീര്‍ ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് രാജി വെച്ചിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പിന്തുണയോടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചു ലീഗ് വിമതയാണ് അധ്യക്ഷ സ്ഥാനത്തേക്ക് വിജയിച്ചത്. ലീഗിന് 19 അംഗങ്ങളുള്ള നഗരസഭയില്‍ സി പി എമ്മിന് ഒൻപതും ബിജെപി ക്കു രണ്ടും അംഗങ്ങളുമാണ് ഉള്ളത്.