തിരുവനന്തപുരം : മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയ സാഹചര്യത്തില്‍,എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പി.പി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും. കോടതിക്ക് മുന്നില്‍ കീഴടങ്ങാനാണ് സാധ്യത. നിലവില്‍ സിപിഎമ്മിന്റെ സഹായം ദിവ്യക്ക് ലഭിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത് ദിവ്യക്ക് നാണക്കേടുണ്ടാക്കാൻ പൊലീസും നോക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തോട് സഹകരിക്കുമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ പ്രതികരിച്ചത്.
പൊലീസില്‍ കീഴടങ്ങുമോയെന്ന ചോദ്യത്തോട്, അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമല്ലേയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും പ്രതികരണം. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയിട്ടുളളത്.