തൃശൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അൻവർ എംഎല്‍എയുടെ വാർത്താസമ്മേളനം. താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അൻവർ വാർത്താസമ്മേളനവുമായി മുന്നോട്ട് വന്നത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് വന്ന ഏതോ ഒരു അലവലാതിയുമായി എന്തിനാണ് ഏറ്റുമുട്ടാൻ നില്‍ക്കുന്നത്. ചെറുതുരുത്തിയില്‍ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആർക്കായിരുന്നു അവിടെ ചുമതല? മരുമോനായിരുന്നില്ലേ ചുമതല? കോളനികളില്‍ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നല്കുന്നു. കവറില്‍ പണം കൂടി വെച്ചാണ് കോളനികളില്‍ സ്ലിപ് നല്‍കുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എല്‍ഡിഎഫെന്നും അൻവർ ആരോപിച്ചു.