കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലില്‍ പി വി അൻവർ എംഎല്‍എ കാട്ടരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി നിർമ്മിച്ച നിർമ്മിതികള്‍ പൊളിച്ച് നീക്കാൻ ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ച് നീക്കാനാണ് ജില്ലാ കളക്ടർ ഉത്തരവിട്ടത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. രണ്ട് തവണയായി നടത്തിയ തെളിവെടുപ്പിന് ശേഷമാണ് കളക്ടറുടെ ഉത്തരവ്.
പ്രകൃതിദത്തമായ നീർച്ചാലുകള്‍ക്ക് കുറുകെ നിർമ്മാണ പ്രവർത്തികള്‍ നടത്തി, കാട്ടരുവിയുടെ സ്വതന്ത്രമായ ഒഴുക്കിന് തടസ്സമുണ്ടാക്കി. കാലവർഷത്തില്‍ ഇത് ദുരന്തത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് പൊളിച്ചു നീക്കാനുള്ള കളക്ടറുടെ ഉത്തരവ്. ഒരുമാസത്തിനകം നിർമ്മാണങ്ങള്‍ പൊളിച്ചുനീക്കി പൂർവ്വ സ്ഥിതിയിലാക്കണം എന്നാണ് നിര്‍ദേശം. ഉടമസ്ഥർ ചെയ്തില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിച്ച് നീക്കണമെന്നും, അതിന്റെ ചിലവ് ഉടമസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരുവിയുടെ ഒഴുക്ക് തടഞ്ഞ് നിർമ്മിച്ച തടയണകള്‍ പൊളിച്ച് നീക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പൊളിച്ച് നീക്കലിന്റെ മറവില്‍ അരുവി തന്നെ നികത്തിയെന്ന് കാണിച്ച് ഗ്രീന്‍ മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ടി വി രാജനാണ് ഹൈക്കോടതിയിലെത്തിയത്. കളക്ടർ ബന്ധപ്പെട്ട കക്ഷികളുമായി ചേർന്ന് തെളിവെടുപ്പ് നടത്തി നടപടിയെടുക്കാനായിരുന്നു കോടതി നിർദേശം. രണ്ട് തവണ തെളിവെടുപ്പ് നടത്തിയെങ്കിലും റിസോർട്ട് പ്രതിനിധികള്‍ ആരും പങ്കെടുത്തിരുന്നില്ല. അനുമതിയില്ലാതെയാണ് നിർമ്മാണ പ്രവർത്തികളെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസറും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്കി. ഇതേ തുടർന്ന് 2023ലെ കേരള ജലസേചന നിയമ പ്രകാരമാണ് പൊളിച്ച് നീക്കാനുള്ള ഉത്തരവ്.