സോളോ ഹീറോ ചിത്രം അല്ലെങ്കിലും വിക്രത്തിന് സമീപകാല കരിയറിൽ ഏറ്റവും നേട്ടമുണ്ടാക്കിക്കൊടുത്ത ചിത്രമാണ് മണി രത്നത്തിൻറെ പൊന്നിയിൻ സെൽവൻ. ചിത്രത്തിൻറെ വലിയ വിജയത്തിൽ അദ്ദേഹത്തിന് കാര്യമായ ഒരു റോൾ ഉണ്ട് താനും. ഇപ്പോഴിതാ വിക്രം ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന മറ്റൊരു ചിത്രത്തെ സംബന്ധിച്ച ഒരു പ്രധാന പ്രഖ്യാപനം നാളെ നടക്കും. വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപനമാണ് അത്. നാളെ രാത്രി എട്ടിനാണ് പ്രഖ്യാപനം. ഏറെ കൌതുകമുണർത്തുന്ന ഒരു പോസ്റ്ററിലൂടെയാണ് നിർമ്മാതാക്കൾ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ പശ്ചാത്തലം കർണാടകത്തിലെ കോളാർ ഗോൾഡ് ഫീൽഡ്‍സ് ആണ്! അതെ, കന്നഡ സിനിമയെ പാൻ ഇന്ത്യൻ ശ്രദ്ധയിലേക്ക് ഉയർത്തിയ കെജിഎഫ് പശ്ചാത്തലമാക്കിയ അതേ ഇടം തന്നെ. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്‍സിൽ (കെജിഎഫ്) നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം. എന്നാൽ യഷ് നായകനായ കന്നഡ ചിത്രത്തിൽ നിന്ന് തികച്ചും വ്യത്യസ്‍തവുമായിരിക്കും ഈ ചിത്രം. സിനിമയുടെ ടെസ്റ്റ് ഷൂട്ട് ഇതിനകം ആരംഭിച്ചിട്ടുണ്ട്. 3 ഡിയിൽ ഒരുങ്ങുന്ന ചിത്രം പാൻ ഇന്ത്യൻ പ്രേക്ഷകരെ മുന്നിൽക്കണ്ട് ഉള്ളതായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽ രാജയാണ്. വിക്രത്തിൻറെ കരിയറിലെ 61-ാം ചിത്രമാണിത്. 2021 ഡിസംബറിലാണ് ഈ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. വലിയ സ്കെയിലിൽ ഒരുങ്ങുന്ന ചിത്രം പിരീഡ് ആക്ഷൻ വിഭാഗത്തിൽ പെടുന്ന ഒന്നാണ്. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ ഇതുവരെ ഒരുങ്ങിയതിൽ ഏറ്റവും ഉയർന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിർമ്മാതാവ് ജ്ഞാനവേൽ രാജ നേരത്തെ പറഞ്ഞത്. തമിഴിലെ ഹിറ്റ് മേക്കർ ജി വി പ്രകാശ്കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. എസ് എസ് മൂർത്തിയാണ് കലാ സംവിധായകൻ. കെജിഎഫ്, കമലഹാസൻ ചിത്രം വിക്രം എന്നിവയ്ക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി. പിആർഒ ശബരി.