നിവിൻ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം പടവെട്ട് ഇന്ന് തിയറ്ററുകളിലേക്ക്. മികച്ച സ്ക്രീൻ കൌണ്ടുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. കേരളത്തിൽ മാത്രം 186 സ്ക്രീനുകളിൽ ചിത്രത്തിന് റിലീസ് ഉണ്ട്. ജിസിസിയിലും കാനഡ ഉൾപ്പെടെയുള്ള മറ്റു വിദേശ മാർക്കറ്റുകളിലും ഇന്നു തന്നെ ചിത്രം പ്രദർശനം ആരംഭിക്കും. ജിസിസിയിൽ യുഎഇ, ഒമാൻ, ഖത്തർ, ബഹ്റിൻ എന്നിവിടങ്ങളിലാണ് ചിത്രത്തിന് റിലീസ്.
സ്വന്തം ഗ്രാമത്തിലെ സാധരണക്കാരുടെ പ്രശ്നത്തിൽ ഇടപെടുകയും അവരുടെ പോരാട്ടത്തിൽ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിൻപുറത്തെ സാധാരണക്കാരനായിട്ടാണ് നിവിൻ ചിത്രത്തിൽ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലുകളിൽ ഒന്നായ സരിഗമയുടെ ഭാഗമായ യൂഡ്ലീ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് പടവെട്ട്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് ആണ് നിർമ്മാണ പങ്കാളി. ജീവിതത്തിൽ പ്രത്യേക ലക്ഷ്യങ്ങൾ ഒന്നുമില്ലാതിരുന്ന സാധാരണക്കാരനായ യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാർക്കും വേണ്ടി അഴിമതിക്കും ചുഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബിബിൻ പോൾ ആണ് സഹനിർമ്മാതാവ്. ദീപക് ഡി മേനോൻ ഛായാഗ്രഹണം. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് മേനോൻ സംഗീതം പകരുന്നു. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലി, സൌണ്ട് ഡിസൈൻ രംഗനാഥ് രവി, കലാസംവിധാനം സുഭാഷ് കരുൺ, വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, സ്റ്റിൽസ് ബിജിത്ത് ധർമടം, വിഎഫ്എക്സ് മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, പിആർഒ ആതിര ദിൽജിത്ത്.