തൃശൂർ : കെ കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാലിനെ ബിജെപിയില്‍ ചേർക്കാനുള്ള നീക്കം നടന്നത് നരേന്ദ്ര മോദിയുടെ അറിവോടെ. പദ്മജ വേണുഗോപാലിന് ഉചിതമായ പദവികള്‍ നല്‍കുമെന്ന് പാർട്ടി വൃത്തങ്ങള്‍ പറയുന്നു. അതേസമയം പദ്മജ വേണുഗോപാല്‍ ഉന്നയിച്ചിരുന്നത് തൃശ്ശൂരിലെ തർക്കങ്ങളെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഞായറാഴ്ച പുറത്തുവരും. അതേസമയം രണ്ട് കാരണങ്ങളാണ് പദ്മജയെ പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്.
ഇന്ന് ബിജെപിയുടെ ദേശീയ ആസ്ഥാനത്തെത്തി പദ്മജ വേണുഗോപാല്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കും. ദേശീയ നേതാക്കളുമായി കഴിഞ്ഞ ദിവസം ഇവര്‍ ചർച്ച നടത്തിയിരുന്നു. പാർട്ടിയില്‍ നിരന്തരം അവഗണന നേരിടുന്നുവെന്ന പരാതിയാണ് പദ്മജയെ കടുത്ത നിലപാടില്‍ എത്തിച്ചത്. മൂന്നാം ലോക്സഭാ സീറ്റ് ആവശ്യത്തില്‍ നിന്ന് പിൻവാങ്ങാൻ മുസ്ലിംലീഗിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത് പദ്മജയെ വീണ്ടും പിണക്കി. ഫേസ്‌ബുക്ക് പ്രൊഫൈലില്‍ നിന്നും കോണ്‍ഗ്രസ് എന്ന വിവരങ്ങള്‍ പത്മജ നീക്കി. ഇന്ത്യൻ പൊളിറ്റിഷൻ ഫ്രം കേരളയെന്നാണ് ഫേസ്‌ബുക്കില്‍ പുതുതായി ചേർത്തത്.