തിരുവനന്തപുരം: ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ മുഖ്യപ്രതി ഓസ്ട്രേലിയൻ പൌരനെന്ന് പൊലീസ്. രണ്ട് യുവതികളടക്കമുള്ള മൂന്നംഗ സംഘമാണ് അതീവ സുരക്ഷ മേഖലയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്ന് പൂജയ്ക്ക് ഉപയോഗിക്കുന്ന നിവേദ്യ ഉരുളി മോഷ്ടിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഹരിയാനയില്‍ നിന്നുാണ് ഫോർട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ഹരിയാനയിലെത്തി പിടികൂടിയത്.
ഹരിയാനയിലെ ഗുഡ്ഗാവ് പൊലീസിന്‍റെ സഹായത്തോടെ കേരള പൊലീസ് നടത്തിയ തെരച്ചിലിലാണ് സംഘം ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നും അറസ്റ്റിലാകുന്നത്. മുഖ്യപ്രതി ഓസ്ട്രേലിയൻ പൌരത്വമുള്ള ഡോക്ടറാണ്. ഇയാളുടെ കൂടെ രണ്ട് സ്ത്രീകളുമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ക്ഷേത്ര ദർശനത്തിനെത്തിയ സംഘം ക്ഷേത്രത്തിനുള്ളില്‍ നിന്നും പൂജയ്ക്ക് ഉപയോഗിക്കുന്ന ഉരുളി മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തില്‍ ഒരു എസ്പി, ഡിവൈഎസ്പി, നാല് സിഐമാരടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥരും 200 ഓളം പൊലീസ് ഉദ്യഗസ്ഥരും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ചാണ് മെറ്റല്‍ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ച് സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. മൂന്നംഗ സംഘം പൂജയ്ക്കുള്ള ഉരുളി മോഷ്ടിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാഴാഴ്ച തന്നെ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് പഴുതടച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹരിയാനയില്‍ നിന്നും പ്രതികളെ പിടികൂടുന്നത്. ഇന്ന് ഉച്ചയോടെ പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം. അതേസമയം അതീവ സുരക്ഷയുള്ള മേഖലിയില്‍ നിന്നും മോഷണം പോയത് പൊലീസിന് വലിയ നാണക്കേടും ഞെട്ടലുമുണ്ടാക്കിയിരിക്കുകയാണ്. സുരക്ഷാ വീഴ്ചയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് വിവരം.