ന്യൂഡൽഹി: പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രൻ (89) അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങള്‍ ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ഒൻപതിന് ഡല്‍ഹിയിലായിരുന്നു അന്ത്യം. 1935-ല്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ ജനിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വിദേശത്തടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. എണ്ണച്ചായ ചിത്രങ്ങളും ജലച്ചായ ചിത്രങ്ങളുമായിരുന്നു അദ്ദേഹത്തിൻറെ പ്രധാന മാധ്യമങ്ങള്‍. 1980-ല്‍ ബോംബയില്‍ നടന്ന ഒരു എക്സിബിഷനിലുടെയാണ് എ. രാമചന്ദ്രനെ മലയാളികള്‍ അറിഞ്ഞുതുടങ്ങുന്നത്.
കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും കവറുകളും ചിത്രകഥകളും വരച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദാനന്തരബുരുദം പൂർത്തിയാക്കിയ എ. രാമചന്ദ്രൻ ശാന്തിനികേതനില്‍ നിന്ന്
കേരള ചുമർചിത്രകലയേക്കുറിച്ച് സ്കോളർഷിപ്പോടെ പഠനം പൂർത്തിയാക്കി. ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയില്‍ ചിത്രകല പഠിപ്പിച്ചിരുന്നു. 2005-ല്‍ രാജ്യം അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2002-ല്‍ ലളിതകലാ അക്കാദമിയുടെ ഫെല്ലോ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.