പാലാ : ബൈക്ക് മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അയിരനല്ലൂർ നെടിയറ ഭാഗത്ത് പ്രീത വിലാസം വീട്ടിൽ പ്രഭാകരൻ മകൻ പ്രവീൺ (21) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ ചെത്തിമറ്റം ഭാഗത്തുനിന്നും പാലാ സ്വദേശിയായ മാത്യു പാപ്പച്ചൻ എന്നയാളുടെ മോട്ടോർസൈക്കിൾ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.
ഇയാളുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യുവാവിനെ ശാസ്ത്രീയമായ പരിശോധനയിലൂടെ മണിക്കൂറുകൾക്കുള്ളില്‍ തന്നെ നെല്ലിയാനി ബിവറേജ് ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പാലാ ഡിവൈഎസ്പി എ.ജെ തോമസിന്റെ നേതൃത്വത്തിൽ , സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ മഹേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.