പാലക്കാട് : ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ സ്ത്രീ ഉള്‍പ്പെടെയുള്ള നാലു പേരെയും അതിസാഹസിക രക്ഷാദൗത്യത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ആര്‍ത്തലച്ചൊഴുകുന്ന പുഴയുടെ നടുവില്‍ പാറക്കെട്ടില്‍ കുടുങ്ങിയ നാലുപേരെയും വടംകെട്ടിയശേഷം ലൈഫ് ജാക്കറ്റ് ധരിപ്പിച്ചാണ് കരയിലേക്ക് എത്തിച്ചത്. ആദ്യം പുഴയില്‍ കുടുങ്ങിയ പ്രായമായ സ്ത്രീയെ ആണ് കരയിലെത്തിച്ചത്. പിന്നീട് ഒരോരുത്തരെയായി കരയിലെത്തിക്കുകയായിരുന്നു. ശക്തമായ നീരൊഴുക്കിനെ അതിജീവിച്ചാണ് അതീവദുഷ്കരമായ രക്ഷാദൗത്യം ഫയര്‍ഫോഴ്സ് നടത്തിയത്. പുഴയില്‍ നാലുപേരും കുടുങ്ങിയ ഉടനെ തന്നെ വിവരം അറിഞ്ഞ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
അരമണിക്കൂറിനുള്ളില്‍ തന്നെ നാലുപേരെയും പുറത്തെത്തിക്കാനായി. കുടുങ്ങിയ ആളുകളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൂലത്തറ റെഗുലേറ്ററിന്‍റെ ഷട്ടറുകള്‍ തുറന്നതോടെയാണ് ചിറ്റൂ൪ പുഴയില്‍ വെള്ളം കൂടിയത്. അതിശക്തമായ നീരൊഴുക്കാണ് പുഴയിലുണ്ടായത്. രണ്ടു മണിക്കൂറോളം പുഴയില്‍ കുടുങ്ങിയെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഇതോടെയാണ് പുഴയിലെ നീരൊഴുക്ക് ശക്തമായി ഉയര്‍ന്നത്. നർണി ആലാംകടവ് കോസ്‌വെയ്ക്കു താഴെ ചിറ്റൂർ പുഴയിലാണ് കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങിയത്. ജലനിരപ്പ് കൂടുന്നത് ആശങ്ക വർധിപ്പിച്ചിരുന്നെങ്കിലും വേഗത്തില്‍ തന്നെ നാലുപേരെയും രക്ഷപ്പെടുത്താനായി. മന്ത്രി കൃഷണൻകുട്ടിയും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി. പുഴയില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നതിന് മുമ്ബെ തന്നെ നാലുപേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാലാണ് വലിയ അപകടം ഒഴിവായത്. ശക്തമായ നീരൊഴുക്കിനിടെയും നാലുപേരും ധൈര്യത്തോടെ അവിടെ നിലയുറപ്പിച്ചതും ഫയര്‍ഫോഴ്സ് സംഘത്തിനൊപ്പം നീരൊഴുക്കിനെ അതിജീവിച്ച് പുറത്തേക്ക് വന്നതും രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിറ്റൂരില്‍ താമസിക്കുന്ന മൈസൂരു സ്വദേശികളായ നാലുപേരാണ് പുഴയില്‍ കുടുങ്ങിയത്.പ്രായമായ ഒരു സ്ത്രീയും ഒരു പുരുഷനും രണ്ടു യുവാക്കളുമാണ് കുടുങ്ങിയത്. ഇറങ്ങുമ്ബോള്‍ വെള്ളം അധികം ഉണ്ടായിരുന്നില്ലെന്നും സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ആദ്യം കയറിപ്പോയിരുന്നുവെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു. പുറത്തുണ്ടായിരുന്നവരാണ് നാലുപേരും പുഴയില്‍ കുടുങ്ങിയ വിവരം ആളുകളെ അറിയിച്ചത്.പുഴയില്‍ കുളിക്കാനും അലക്കാനുമായിട്ടാണ് ഇവര്‍ എത്തിയത്. ഏകദേശം രണ്ടു മണിക്കൂറോളം പുഴയിലെ പാറയില്‍ നില്‍ക്കേണ്ടിവന്നുവെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു.