പാലക്കാട് റെയില്‍വേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് റെയില്‍വേ പിന്മാറണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തെഴുതുകയും ചെയ്തു. കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണമാണ് റെയില്‍വേ ഡിവിഷൻ ഇല്ലാതാക്കല്‍ എന്നും മന്ത്രി പറഞ്ഞു. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിലാണ് പാലക്കാട് ഡിവിഷൻ. ഒരു പോരായ്മകളും ചൂണ്ടിക്കാണിക്കാനില്ലാതിരുന്നിട്ടും ഈ ഡിവിഷൻ നിർത്തലാക്കുന്നത് കേരളത്തിനെതിരായ ഗൂഢനീക്കമാണ്. റെയില്‍വേ വികസനത്തിൻ്റെ കാര്യത്തില്‍ കേരളത്തോട് കടുത്ത അവഗണനയാണ് തുടരുന്നത്. അതിനിടയിലാണ് നിലവിലെ സംവിധാനങ്ങള്‍ കൂടി ഇല്ലാതാക്കുന്നത്. യുപിഎ സർക്കാർ കാലത്ത് പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചാണ് സേലം ഡിവിഷൻ ആരംഭിച്ചത്.
അതിനുശേഷം പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താൻ ആസൂത്രിത നീക്കമുണ്ടായി. പാലക്കാടിനെ മംഗളൂരുവിന്റെ ഭാഗമാക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയിരുന്നു. അന്ന് കടുത്ത പ്രതിഷേധം ഉയർത്തി കേരളം അതിനെ ചെറുത്തു തോല്‍പ്പിച്ചു. കേന്ദ്രത്തിന് കേരളത്തോട് എല്ലാ മേഖലകളിലും അവഗണനയും ശത്രുതയുമാണ്. ഇതിനെതിരെ ചെറുവിരലനക്കാൻ പോലും യുഡിഎഫ് എം പി മാർക്ക് കഴിഞ്ഞിരുന്നില്ല. അവർ പലപ്പോഴും കേരളത്തെ ഒറ്റുകൊടുക്കുന്ന നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി പച്ചക്കള്ളങ്ങള്‍ പറഞ്ഞ് ജനങ്ങളെ കമ്ബളിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിൻ്റെ ആവശ്യങ്ങള്‍ തടയാൻ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു. പാത ഇരട്ടിപ്പിക്കല്‍, പുതിയ പാതകള്‍ അനുവദിക്കല്‍, കൂടുതല്‍ പുതിയ ട്രെയിനുകള്‍ എന്നീ കാര്യങ്ങളില്‍ കേന്ദ്രം അവഗണന അവസാനിപ്പിക്കണം. കേരളത്തോടുള്ള റെയില്‍വേ അവഗണനക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണം. റെയില്‍വേ വികസനത്തില്‍ കേരളത്തിൻ്റെ ന്യായമായ ആവശ്യങ്ങള്‍ കേന്ദ്രസർക്കാർ നടപ്പാക്കുന്നതിനും പ്രക്ഷോഭം ഉയരണം.പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കാൻ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.