പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയുണ്ടെന്ന് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. എല്‍ഡിഎഫിൻ്റെ 40,000 രാഷ്ട്രീയ വോട്ടുകള്‍ പോള്‍ ചെയ്തുവെന്നും 50000 വോട്ടുകള്‍ അനായാസം നേടാനാവുമെന്നും സരിൻ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പോളിംഗ് കുറഞ്ഞുവെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനിടെയാണ് സരിൻ്റെ പ്രതികരണം.
എൻഡിഎഫ് അയ്യായിരം വോട്ടുകള്‍ക്ക് മേല്‍ ഭൂരിപക്ഷം നേടും. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോവുമെന്നും സരിൻ കൂട്ടിച്ചേർത്തു. അതേസമയം, പാലക്കാട് പോളിംഗ് ശതമാനം കുറഞ്ഞതിന്റെ ആശങ്കയിലാണ് മൂന്ന് മുന്നണികളും. 70.51 % ആണ് രേഖപ്പെടുത്തിയ പോളിംഗ്. അതേസമയം, ശക്തി കേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞിട്ടില്ലെന്ന അവകാശ വാദത്തിലാണ് യുഡിഎഫ്. നഗരസഭയില്‍ പോളിംഗ് കൂടിയത് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതീക്ഷയോടെയാണ് ഇടതുമുന്നണിയും മുന്നോട്ട് പോവുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2021 ല്‍ 73.71 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇത് 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലേറെയാണ് പോളിംഗിലുണ്ടായ കുറവ്. അതേസമയം ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഇത്തവണ പോളിംഗ് ഉയർന്നു. എന്നാല്‍ കോണ്‍ഗ്രസിന് മേധാവിത്തമുള്ള പിരായിരി പഞ്ചായത്തിലും കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിലും വോട്ട് കുറയുകയും ചെയ്തു. ഇത് മുന്നണികളുടെ പ്രതീക്ഷകളെയാകെ തകിടം മറിച്ചിരിക്കുകയാണ്.