പാലക്കാട്: തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് പാലക്കാടും പോസ്റ്റർ. ‘നയിക്കാൻ മുരളിയേട്ടൻ വരട്ടെ’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ മത്സരിക്കണം എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. നഗരത്തിന് വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.
കെ മുരളീധരനെ പിന്തുണച്ച് നേരത്തെ തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോട് നഗരത്തിലും ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ടാണ് കൊല്ലം ചിന്നക്കടയില്‍ ഫ്ലക്സ് ബോർഡുകള്‍ ഉയര്‍ന്നത്. കൊല്ലത്തെ കോണ്‍ഗ്രസുകാർ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘പ്രിയപ്പെട്ട കെ എം നിങ്ങള്‍ ഞങ്ങളുടെ ഹൃദയമാണ് ധീരനായ പോരാളിക്ക് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്. ‘നയിക്കാൻ നായകൻ വരട്ടെ’ എന്നാണ് തിരുവനന്തപുരത്തെ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. വർഗീയതക്ക് എതിരായ പോരാട്ടത്തിൻ്റെ പ്രതീകമാണ് മുരളി എന്നും പോസ്റ്ററിൽ പറയുന്നു.