കോട്ടയം: പാലക്കാട് വടക്കഞ്ചേരിയിൽ സ്‌കൂൾ വിദ്യാർത്ഥികൾ അടങ്ങിയ വിനോദ യാത്രാ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥികൾ അടക്കം ഒൻപതു പേർ സഞ്ചരിച്ച അപകടത്തിനു പിന്നാലെ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. ജില്ലയിൽ നിന്നും വിനോദയാത്രയ്ക്കായി സ്‌കൂൾ അധികൃതർ ബുക്ക് ചെയ്തിരുന്ന അഞ്ചു ബസുകൾക്കാണ് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയത്. പോപ്പോയി, മാമ്പഴം, പാരഡൈസ്, ടു ബ്രദേഴ്‌സ് എന്നീ ബസുകൾ സർവീസിനു അനുയോജ്യമല്ലെന്ന റിപ്പോർട്ടാണ് മോട്ടോർ വാഹന വകുപ്പ് നൽകിയത്. ചിങ്ങവനം ക്ലിമ്മീസ് സ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥി സംഘം സഞ്ചരിക്കാനിരുന്ന ബസിനാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലക്ക് ലഭിച്ചത്.
ഇന്നലെ രാത്രിയിൽ പാലക്കാട് വടക്കാഞ്ചേരിയിൽ അമിത വേഗത്തിൽ എത്തിയ വിനോദ സഞ്ചാര വാഹനം കെഎസ്ആർടിസി ബസിൽ ഇടിച്ച് വിദ്യാർത്ഥികൾ അടക്കം ഒൻപത് പേരാണ് മരിച്ചത്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ഇതിനിടെയാണ് ചിങ്ങവനം ക്ലിമ്മീസ് സ്‌കൂൾ അധികൃതർ മോട്ടോർ വാഹന വകുപ്പിനെ തങ്ങളുടെ സ്‌കൂളിൽ നിന്നും വിനോദ യാത്ര പോകുന്ന വിവരം അറിയിച്ചത്. ഇത് അനുസരിച്ച് സ്‌കൂളിൽ എത്തിയ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ എക്‌സ്ട്രാഫിറ്റിംങുകളും, എക്‌സ്ട്രാ ലൈറ്റുകളും കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഈ വാഹനങ്ങൾ വിനോദ യാത്രയ്ക്ക് അനുയോജ്യമല്ലെന്ന റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് സ്‌കൂൾ അധികൃതർക്ക് നൽകി. വിനോദ യാത്രയ്ക്കു മറ്റു വാഹനങ്ങൾ കണ്ടെത്തണമെന്നും നിർദേശിച്ചു. ജില്ലയിൽ ഇത്തരത്തിൽ വിനോദ സഞ്ചാരത്തിനായി വാഹനങ്ങൾ വിളിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ നിർദേശിച്ചു.