കൊച്ചി: കരിങ്കൊടി പ്രതിഷേധക്കാരെ തുറങ്കിലടയ്ക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്. ഹൈബി ഈഡൻ എം പി, മൂന്ന് എം എല്‍ എമാര്‍ അടക്കം കണ്ടാലറിയാവുന്ന കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനക്കുറ്റം ചുമത്തിയാണ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് കേസെടുപ്പിക്കന്നതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പ്രതിഷേധിക്കാരെ പരിഹസിച്ച് മന്ത്രിമാരും രംഗത്തെത്തി.
ഒരു രാത്രി മുഴുവൻ നീണ്ട നാടകങ്ങളാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ നടന്നത്. നവകേരള സദസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയവര്‍ക്കെതിരെ ജാമ്യാമില്ലാക്കുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ജനപ്രതിനിധികള്‍ അടക്കമുളളവരുടെ പൊലീസ് സ്റ്റേഷൻ ഉപരോധം. ഒടുവില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് മജിസ്ട്രേറ്റിന്‍റെ വസതിയില്‍ ജാമ്യം നേടി പ്രവര്‍ത്തകര്‍ പുറത്തുവന്നതിന് പിന്നാലെയാണ് പാലാരിവട്ടം പൊലീസ് ജനപ്രതിനിധികള്‍ക്കെതിരെ കേസെടുത്തത്. ഡിസിസി പ്രതിഡന്‍റ് മുഹമ്മദ് ഷിയാസാണ് കേസിലെ ഒന്നാം പ്രതി. സ്റ്റേഷൻ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കലാപാഹ്വാനത്തിനാണ് കേസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈബി ഈഡൻ എംപി, എംഎല്‍എമാരായ അൻവര്‍ സാദത്ത്, ഉമാ തോമസ്, ടിജെ വിനോദ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതികളാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘവും ഇവര്‍ക്ക് കൂട്ട് നില്‍ക്കുന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമാണ് കേസെടുപ്പിക്കുന്നതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അതുപോലെ അണയാൻ പോകുന്ന തീയാണ് ആളിക്കത്തുന്നതെന്ന് മന്ത്രി വി എൻ വാസവനും തിരിച്ചടിച്ചു. നവകേരള സദസല്ല ആര്‍ഭാട സദസാണ് ഒന്നരമാസം കേരളത്തില്‍ നടന്നതെന്ന് പൊതു സമൂഹത്തിന് മുന്നില്‍ വരും ദിവസങ്ങളിലും അവതരിപ്പിക്കാനാണ് പ്രതിപക്ഷം നീക്കം.