പാമ്പാടിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: പാമ്പാടി കോത്തലയിൽ നിന്നും സഹോദരിമാരെ കാണാതായ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. പെൺകുട്ടികൾ എവിടെയാണ് എന്ന് പൊലീസിനു ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനിടെ പെൺകുട്ടികൾ നാഗമ്പടം ബസ് സ്റ്റാൻഡിൽ എത്തിയതിന്റെ വീഡിയോ ജാഗ്രതാ ന്യൂസ് ലൈവിനു ലഭിച്ചു. ഈ വീഡിയോയിൽ പെൺകുട്ടികൾക്കൊപ്പം മറ്റൊരു കുട്ടി കൂടി ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇതോടെ കുട്ടികൾക്ക് രക്ഷപെടുന്നതിനായി മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളിയാഴ്ച വൈകിട്ടോടെയാണ് പാമ്പാടി കോത്തല സ്വദേശികളായ സഹോദരിമാരെ കാണാതായത്. തുടർന്നു പൊലീസ് സംഘം ജില്ലയിലെ വിവിധ ബസ് സ്റ്റാൻഡുകളിലെ അടക്കം സി.സി.ടി.വി ക്യാമറ പരിശോധിച്ചതോടെയാണ് പെൺകുട്ടികൾ ഇവിടെ എത്തിയതായി കണ്ടെത്തിയത്. ഈ സിസിടിവി ക്യാമറയിൽ പെൺകുട്ടികൾക്കൊപ്പം മറ്റൊരു പെൺകുട്ടി കൂടെ ഉണ്ടെന്നു കണ്ടെത്തിയ പൊലീസ് ഈ കുട്ടിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
കാണാതായ സഹോദരിമാരുടെ ബന്ധുവായ പെൺകുട്ടിയാണ് ഇതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്നു, ഈ കുട്ടിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ, കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് തനിക്ക് ഒരു അറിവുമില്ലെന്ന നിലപാടാണ് ഈ കുട്ടി സ്വീകരിച്ചിരിക്കുന്നത്. ഇതേ തുടർന്നു പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഈ പെൺകുട്ടിയെ മാതാപിതാക്കളുടെ സഹായത്തോടെ ചോദ്യം ചെയ്തു. എന്നാൽ, പൊലീസിനെ സഹായിക്കുന്ന വിവരങ്ങളൊന്നും ഇവരിൽ നിന്നും ലഭിച്ചിട്ടില്ല.
ഇതിനിടെ പെൺകുട്ടിയകളെ കാണാതായ അതേ സമയത്ത് തന്നെ പ്രദേശ വാസികളായ രണ്ടു യുവാക്കളെ കൂടി കാണാതായതായി പരാതി പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.