തൊടുപുഴ : നാമനിർദേശ പത്രിക സമർപ്പണ സമയത്ത് ശിക്ഷിച്ച കേസും നിലവിലുള്ള കേസും മറച്ച് വെച്ചതിനാൽ അറക്കുളം പഞ്ചായത്ത് മെമ്പറും സിപിഎം നേതാവുമായ കെ.എൽ.ജോസഫിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അറക്കുളം പഞ്ചായത്ത് അഞ്ചാം വാർഡിൽ നിന്നും കെ.എൽ ജോസഫിനെതിരെ മത്സരിച്ച റെജി കുഞ്ഞപ്പനാണ് തൊടുപുഴ മുൻസിഫ് കോടതിയിൽ ഹർജി നൽകിയത്.ഹർജി ഫയലിൽ സ്വീകരിച്ച കോടതി കെ.എൽ.ജോസഫിന് നോട്ടീസ് അയച്ചു.പത്രികയിൽ എട്ടാം കോളത്തിൽ ശിക്ഷിച്ച കേസിനെക്കുറിച്ചുള്ള വിവരം കെ.എൽ.ജോസഫ് മറച്ച് വെച്ചിരുന്നു. ഒൻപതാം കോളത്തിൽ നിലവിലുള്ള കേസുകൾ പരാമർശിക്കുന്നതിലും വീഴ്ച വരുത്തിയതായി ഹർജിയിൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് ചട്ടത്തിൻ്റെ നഗ്നമായ ലഘനം നടന്നിട്ടുള്ളതിനാൽ കെ.എൽ.ജോസഫിനെ അയോഗ്യനാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് റെജി കുഞ്ഞപ്പൻ്റെ ആവശ്യം.28 ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് കോടതി കെ.എൽ.ജോസഫിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഹർജിക്കാരന് വേണ്ടി അഡ്വ.എം.ഐ.മുഹമ്മദ് അബ്ബാസ്, അഡ്വ.ശ്യാംകുമാർ എന്നിവർ കോടതിയിൽ ഹാജരായി.