മൂന്നാമത്തെ നില പണിയുന്നതിനായി അനുമതി തേടി!ചോദിച്ചത് 10,​000 രൂപ കൈക്കൂലി:കൈക്കൂലിക്കേസിൽ വിളപ്പില്‍ ഗ്രാമപഞ്ചായത്ത് വനിതാ ഓവര്‍സിയര്‍ അറസ്റ്റിൽ

തിരുവനന്തപുരം: കുണ്ടമണ്‍കടവ് സ്വദേശി അന്‍സാറിന്റെ കൈയില്‍ നിന്ന് 10,​000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിളപ്പില്‍ ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ (ഗ്രേഡ് 2)​ ശ്രീലതയെ വിജിലന്‍സ് അറസ്റ്റുചെയ്‌തു.അന്‍സാറിന്റെ രണ്ടുനില കെട്ടിടത്തിന് മുകളിലായി മൂന്നാമത്തെ നില പണിയുന്നതിനുള്ള അനുമതിക്കായി വിളപ്പില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കഴിഞ്ഞമാസം അപേക്ഷ നല്‍കിയിരുന്നു.സ്ഥല പരിശോധനയ്‌ക്കെത്തിയ ഓവര്‍സിയര്‍ കെട്ടിടത്തോട്‌ ചേര്‍ന്ന് ഷീറ്റ് പാകിയിരുന്നതിനാല്‍ അനുമതി നല്‍കാനാവില്ലെന്നും 10,000 രൂപ കൈക്കൂലി നല്‍കിയാല്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കി അനുമതി വാങ്ങി നല്‍കാമെന്നും പറഞ്ഞു. അന്‍സാര്‍ ഇക്കാര്യം വിജിലന്‍സ് ഡയറക്ടറുടെ ചുമതലയുള്ള എച്ച്‌. വെങ്കിടേഷിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് ഇന്റലിജന്‍സ്‌ പൊലീസ് സൂപ്രണ്ട് ഇ.എസ്. ബിജുമോന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 2 പൊലീസ് സൂപ്രണ്ട് വി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം നടപടി തുടങ്ങി.ഇന്നലെ വൈകിട്ട് നാലിന് സ്ഥലപരിശോധനയ്‌ക്കെന്ന പേരില്‍ അന്‍സാറിന്റെ വീട്ടിലെത്തി തിരികെപ്പോകുന്ന വഴി വിളപ്പില്‍ ഗ്രാമപഞ്ചായത്തിന് മുന്നില്‍വച്ച്‌ അപേക്ഷകനില്‍ നിന്ന് പണം വാങ്ങുന്നതിനിടെയാണ് ശ്രീലതയെ അറസ്റ്റുചെയ്‌തത്. ഡിവൈ.എസ്.പി അനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് റിജാസ്, അനൂപ് ആര്‍. ചന്ദ്രന്‍, രാജീവ്. ബി, സബ് ഇന്‍സ്‌പെക്ടര്‍ മോഹനന്‍, ഉദ്യോഗസ്ഥരായ അശോകകുമാര്‍, സജിമോഹന്‍, സതീഷ്, സുമന്ത് മഹേഷ്, രാംകുമാര്‍, സനൂജ, ഇന്ദുലേഖ, ആശമിലന്‍, പ്രീത തുടങ്ങിയവര്‍ അറസ്റ്റിന് നേതൃത്വം നൽകി

Advertisements

Hot Topics

Related Articles