ഒളിവിൽ കഴിഞ്ഞുവന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കുടുങ്ങി;
പ്രതിയെ കുടുക്കിയത് പ്രത്യേക അന്വേഷണ സംഘം

പന്തളം : പിടിച്ചുപറി, കവർച്ച തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി പോലീസിന്റെ വലയിൽ കുടുങ്ങി. കുളനട തുമ്പമൺ താഴം അമ്പലക്കടവ് മാമ്പള്ളിൽ വീട്ടിൽ കമലാസനന്റെ മകൻ കമലൻ രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് കുമാറി (39) നെയാണ് ഇലവുംതിട്ട പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കുടുക്കിയത്. പന്തളം, പത്തനംതിട്ട, ഇലവുംതിട്ട, ചാലക്കുടി പോലീസ് സ്റ്റേഷനുകളിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ പ്രതിയായശേഷം ഒളിവിലായിരുന്നു ഇയാൾ. ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതികളുടെ വിവരങ്ങൾ ശേഖരിച്ച്, പിടികൂടുന്നതിനായി പ്രത്യേകസംഘത്തെ അഡിഷണൽ എസ് പിയുടെ നിർദേശപ്രകാരം നിയോഗിച്ചിരുന്നു. പത്തനംതിട്ട ഡി വൈ എസ് പിയുടെ മേൽനോട്ടത്തിലുള്ള സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ ഇന്ന് രാവിലെ അമ്പലക്കടവ് ഭാഗത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ നീക്കത്തെപ്പറ്റി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ തന്ത്രപരമായി കുടുക്കുകയാണ് ഉണ്ടായത്. പോലീസ് ഇൻസ്‌പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ ശശികുമാർ, എസ് സി പി ഓ സന്തോഷ്‌, സി പി ഓമാരായ നിധീഷ് കുമാർ, അമൽ എന്നിവരും പങ്കെടുത്തു.

Advertisements

Hot Topics

Related Articles