പാറമ്പുഴയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: പാറമ്പുഴ ബദ്ലഹേം പള്ളിയിലേയ്ക്കുള്ള വഴിയും നടപ്പാതയും സാമൂഹ്യ വിരുദ്ധർ തകർത്തു. സംക്രാന്തി പേരൂർ റോഡിൽ നിന്നും നടകെട്ടി ആരംഭിച്ച് തുടക്കത്തിൽ കുരിശടി സ്ഥാപിച്ചും തുടർന്ന് 60 ഓളം നടകൾ കെട്ടി പള്ളിയിലേക്ക് പോക്കുവരവ് നടത്തുന്നതിനായി കഴിഞ്ഞ 105 വർഷമായി ഉപയോഗിച്ച് വരുന്ന പള്ളിവക വഴിയാണ് ഇന്നലെ പുലർച്ചെ 12നും 1.30 നും മദ്ധ്യേ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു നീക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളിവക സ്ഥലം ബലമായും അനധികൃതമായും സാമൂഹ്യവിരുദ്ധർ കയ്യേറി നടക്കല്ലുകൾ നീക്കെ ചെയ്യുകയും ചെയ്തു. പള്ളി വക വഴിക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പള്ളിയുടെ തിരുനാൾ പ്രദക്ഷിണം കടന്നുപോകുന്ന വഴിയാണ് തിരുനാൾ അടുത്തിരിക്കുന്ന സമയത്ത് തകർക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സാമൂഹ്യ വിരുദ്ധ സംഘം ജെ.സിബി ഉപയോഗിച്ച് സ്ഥലം കയ്യേറി തകർത്തത്. ഇതിനെതിരെ പള്ളി അധികൃതരും നാട്ടുകാരും ചേർന്നു പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ സംഭവത്തിൽ പൊലീസ് ഇതുവരെയും കേസെടുക്കുന്നതിനോ ജെ.സി.ബി പിടിച്ചെടുക്കുന്നതിനോ തയ്യാറായിട്ടില്ല.
ഇതേ തുടർന്നു നാട്ടുകാരും പള്ളി അധികൃതരും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. എന്നാൽ, പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പാരിഷ് കൗൺസിൽ നേതൃത്വത്തിൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ ധർണ നടത്തി. ശക്തമായ പൊലീസ് നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്ത് എത്തുമെന്ന് പാരിഷ് കൗൺസിൽ അറിയിച്ചു. പൊലീസ് അന്വേഷണം നിഷ്ക്രിയമാണെന്നും പൊലീസ് നടപടിയെടുക്കാത്തതിൽ ഇടവക പൊതുയോഗം ശക്തമായി പ്രതിഷേധിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തിനുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ നടത്തുമെന്നും പാരിഷ് കൗൺസിൽ ഭാരവാഹികളായ ഷിജോ ചുങ്കക്കരോട്ടും, റോയി ഇരുമ്മനത്ത്മുകളേലും, പാരിഷ് കൗൺസിൽ സെക്രട്ടറി ജോണി പാത്തനാംകുഴിയിലും അറിയിച്ചു.