പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി സാം തിമോത്തിയോസിനെ ആണ് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും എക്സൈസ് സംഘ് പൊക്കിയത്. ഇയാളില്‍ നിന്നും 3.18 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. റെയില്‍വേ പൊലീസും തിരുരങ്ങാടി എക്സൈസ് സർക്കിള്‍ ഓഫീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സാം അറസ്റ്റിലായത്. പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് കേരളത്തില്‍ എത്തിച്ചു വില്പന നടത്തുന്ന ലഹരി സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സ്റ്റേഷനില്‍ എക്സൈസിനെ കണ്ട് പരുങ്ങിയ യുവാവിനെ സംശയം തോന്നി പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. വലിയ പൊതിയാക്കി അതിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ മധുസൂദനപ്പിള്ളയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്ഡില്‍ ആർപിഎഫ് സബ് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യം പി ടി,ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രമോദ് ബി എസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അഭിലാഷ് കെ, പ്രഗേഷ് പി, പ്രജോഷ് ടി, പ്രിവന്റീവ് ഓഫീസർമാരായ ദിലീപ്, രജീഷ് എന്നിവർ പങ്കെടുത്തു.