പെർത്ത്: പേസിൻ്റെ പേരിൽ പേടിപ്പിച്ച പെർത്തിൽ പോരാളികളായി ടീം ഇന്ത്യ. 150 റണ്ണിന് ആദ്യ ഇന്നിങ്സിൽ ചുരുണ്ട് കൂടിയ ടീം ഇന്ത്യ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ 296 റണ്ണിനാണ് വിജയിച്ചത്. സ്കോർ – ഇന്ത്യ – 150 / 10 , 487/6 ഓസ്ട്രേലിയ – 104/ 10 , 238/ 10. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 12 റണ്ണിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. നാലാം ദിനം ആദ്യം തന്നെ സിറാജ് ഓസ്ട്രേലിയയ്ക്ക് തിരിച്ചടി നൽകി. തലേന്നത്തെ സ്കോറിന് അഞ്ച് റൺ കൂടി അധികം ചേർത്തപ്പോഴേയ്ക്കും മാർനസ് ലബുഷൈനേ (3) ഓസീസിന് നഷ്ടമായി. പിന്നീട് സ്റ്റീവ് സ്മിത്തും (17) , ട്രാവിസ് ഹെഡും (89) ക്രീസിൽ ഉറച്ചു. 17 ൽ ഒത്തു ചേർന്ന ആ കുട്ടുകെട്ട് 79 ൽ ആണ് പിരിഞ്ഞത്. ക്രീസിൽ ആ കൂട്ടുകെട്ട് ഉറച്ചതാണ് ഇന്ത്യൻ വിജയം വൈകിപ്പിച്ചത്. സ്മിത്തിനെ പുറത്താക്കിയ സിറാജ് , ഇന്ത്യയ്ക്ക് വീണ്ടും മുൻതൂക്കം നൽകി. 101 പന്തിൽ നിന്നും 89 റൺ എടുത്ത ഹെഡ് ആക്രമണകാരിയായി അപ്പോഴും ക്രീസിൽ ഉറച്ച് നിൽക്കുകയായിരുന്നു.
സ്മിത്ത് പോയതിന് പിന്നാലെ മിച്ചൽ മാർഷിനെ കൂടെ നിർത്തി ആയിരുന്നു ഹെഡിൻ്റെ പ്രതിരോധം. നൂറ് റൺ തികയ്ക്കും മുൻപ് ആ കൂട്ടുകെട്ട് പിരിച്ച് ബുംറ അവതരിച്ചു. ഹെഡിനെ പന്തിൻ്റെ കയ്യിൽ എത്തിച്ചപ്പോൾ ഓസീസ് സ്കോർ 161 ൽ എത്തിയിരുന്നു. 182 ൽ മിച്ചൽ മാർഷിനെ നിതീഷ് കുമാർ റെഡ്ഡി ക്ലീൻ ബൗൾ ചെയ്ത് ടെസ്റ്റിലെ തൻറെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ഓസീസ് സ്കോർ 227 ൽ നിൽക്കെ മിച്ചൽ സ്റ്റാർക്കിനെ (12) ധ്രുവ് ജുവറൽ വാഷിങ്ടൺ സുന്ദർ മനോഹരമായ ക്യാച്ചിലൂടെ വീഴ്ത്തി. ഇതേ സ്കോറിൽ തന്നെ ഒൻപതാമനായി നഥാൻ ലയോണിനെ (0) വാഷിങ്ങ്ടൺ സുന്ദർ ക്ലീൻ ബൗൾ ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
11 റൺ കുടി സ്കോർ ബോർഡിൽ കൂട്ടി ചേർത്തപ്പോഴേയ്ക്കും അലക്സ് കാരിയെ (36) ക്ലീൻ ബൗൾ ചെയ്ത് ഹർഷിത് റാണ ഇന്ത്യൻ വിജയം ഉറപ്പിച്ചു. 12 ഓവർ എറിഞ്ഞ ബുംറ 42 റണ്ണിന് മൂന്ന് വിക്കറ്റും , 14 ഓവർ എറിഞ്ഞ സിറാജ് 51 റണ്ണിന് മൂന്ന് വിക്കറ്റും വീഴ്ത്തി. സുന്ദർ രണ്ടും , ഹർഷിത്തും നിതീഷും ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിങ്ങ്സിൽ വളരെ കഷ്ടപ്പെട്ട് 150 റൺ മാത്രം എടുത്ത ടീം ഇന്ത്യ രണ്ടാം ഇന്നിങ്സിൽ അത്ഭുതാവഹമായ കുതിപ്പാണ് നടത്തിയത്. ആദ്യ ഇന്നിങ്സിൽ നാല് പേർ മാത്രം രണ്ടക്കം കണ്ട ടീമിലെ രണ്ട് പേരാണ് രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി കണ്ടെത്തിയത്. ആദ്യ ഇന്നിങ്സിലെ ടീം സ്കോറിനെക്കാൾ കൂടുതൽ ജയ് സ്വാൾ (161) രണ്ടാം ഇന്നിങ്സിൽ ഒറ്റയ്ക്ക് സ്വന്തമാക്കി.