കൊച്ചി: മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം പുഴു മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ ബികെ കുട്ടപ്പനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അപ്പുണ്ണി ശശിയായിരുന്നു. കഥാപാത്രത്തിന് നിറഞ്ഞ കൈയടിയാണ് പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ പുഴുവിലെ തന്റെ കഥാപാത്രം ചിലരെ അസ്വസ്ഥരാക്കിയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അപ്പുണ്ണി.
പുഴു കണ്ടിട്ട് ചിലർ ചോദിച്ചത് ‘പാർവതിയുടെ ഭർത്താവായി അഭിനയിക്കാൻ ഇയാളെയല്ലാതെ മറ്റൊരെയും കിട്ടിയില്ലേ?’ എന്നാണ്. അത്തരം പ്രതികരണങ്ങൾ എന്റെ അഭിനയത്തിനു കിട്ടിയ അവാർഡായാണ് കാണുന്നത്. കാരണം, കുട്ടപ്പൻ എന്ന കഥാപാത്രം ചിലരെയെല്ലാം അസ്വസ്ഥമാക്കുന്നു എന്നറിയുമ്ബോൾ സന്തോഷം, അഭിമാനം. മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കറുത്തവനായതിന്റെ പേരിൽ പല മേഖലകളിൽ നിന്നും താൻ അവഗണനകൾ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.. അവഗണനകളൊക്കെ ഒരുപാട് ഉണ്ടായിട്ടുണ്ട്, പലപ്പോഴും കറുത്തവനായതിന്റെപേരിൽ കഥാപാത്രങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ ഇതേ കറുപ്പുതന്നെ വിജയങ്ങളും തന്നിട്ടുണ്ട്. പുഴുവിലെ കുട്ടപ്പൻ എന്ന മികച്ച കഥാപാത്രം തേടിയെത്തിയത് ഞാൻ കറുത്തവനായതുകൊണ്ടാണ്.
ജാതിയുടെയും വർണത്തിന്റെയുമൊക്കെപേരിൽ മനുഷ്യർ മാറ്റിനിർത്തപ്പെടുകയും വിവേചനങ്ങൾ നേരിടുകയും ചെയ്യുന്ന ലോകത്താണ് നമ്മൾ ഇപ്പോഴും ജീവിക്കുന്നത്. അത്തരം ചിന്തകൾ ഈ ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന അർബുദമാണ്. മരുന്നിട്ട് തുടച്ചാലോ വെട്ടിമാറ്റിയാലോ അത് ഒരിക്കലും മാറില്ല. പക്ഷേ, നമുക്കാവുന്ന രീതിയിൽ അത്തരം ചിന്തകൾക്കുമേൽ നൽകുന്ന വലിയ അടിയാണ് പുഴു എന്ന സിനിമ.
ഉയരം കുറഞ്ഞ സൗന്ദര്യമില്ലാത്ത ഇയാളെ മാത്രമേ പാർവതിയുടെ ഭർത്താവായി കിട്ടിയുള്ളോ..! കുട്ടപ്പൻ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നെങ്കിൽ സന്തോഷം; പുഴുവിലെ അഭിനയത്തിന്റെ പേരിലുള്ള വിമർശനങ്ങളിൽ സന്തോഷം പ്രകടിപ്പിച്ച് അപ്പുണ്ണി
Advertisements