ഇലക്ട്രോണിക് ഉപകരണങ്ങളിൽ വൈദ്യുത കാന്തിക തരംഗങ്ങളുടെ സഞ്ചാരപഥം സുഗമമാക്കുകയും അമിത പ്രസരണം പ്രതിരോധിക്കുകയും ചെയ്യുന്ന(ഇ.എം.ഐ ഷീൽഡിംഗ്) ഗ്യാസ്‌കെറ്റുകൾ വികസിപ്പിച്ച മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഗവേഷകർക്ക് ഇന്ത്യൻ പേറ്റൻറ്. ഡോ. അവിനാശ് ആർ. പൈയുടെ ഡോക്ടറൽ റിസർച്ചിന്റെ ഭാഗമായി മുൻ വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, ഡോ. നന്ദകുമാർ കളരിക്കൽ എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ ഗവേഷണമാണ് വ്യവസായ മേഖലയിൽ ഏറെ സാധ്യതകളുള്ള കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. സിലിക്കോൺ റബറിൽ കാർബൺ നാനോ ട്യൂബുകളും നിക്കൽ ഫെറൈറ്റ് പതിച്ച ഗ്രാഫീനും ചേർന്ന മിശ്രിതം കൊണ്ടാണ് ഈ ഗ്യാസ്‌കെറ്റ് നിർമിച്ചിരിക്കുന്നത്.
വൈദ്യുത കാന്തിക തരംഗങ്ങളുടെ സഞ്ചാര പഥത്തിൽ പുറത്തുനിന്നുള്ള തടസങ്ങൾ ഒഴിവാക്കുന്നതിനാണ് കാഴ്ച്ചയിൽ റബർ പോലെ തോന്നിക്കുന്ന ഗ്യാസ്‌കെറ്റുകൾ ഇലക്ട്രോണിക് ഉപകരണങ്ങളിൽ പൊതുവേ ഉപയോഗിക്കുന്നത്. നിവലിൽ വിപണിയിലുള്ള ഗ്യാസെക്റ്റുകളേക്കാൾ കനവും ഭാരവും കുറവുള്ളതാണ് പുതിയതായി വികസിപ്പിച്ച ഉത്പന്നം. ആരോഗ്യത്തിന് ഹാനീകരമാകുന്ന വിധത്തിലുള്ള വൈദ്യുത കാന്തിക തരംഗങ്ങളുടെ പ്രസരണം തടയാൻ കഴിയുന്നതും കൂടുതൽ കാലം നിലനിൽക്കുന്നതും ഇതിൻറെ പ്രത്യേകതയാണെന്ന് പ്രഫ. സാബു തോമസ് പറഞ്ഞു. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്താലയത്തിന്റെ വിശ്വേശ്വരയ്യ പി.എച്ച്.ഡി പദ്ധതിയുടെ ഭാഗമായാണ് പഠനം നടത്തിയത്. പുതിയ ഗ്യാസ്‌കെറ്റുകളുടെ വ്യാവാസായിക സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി വിവിധ സ്ഥാപനങ്ങളുമായി ചർച്ചകൾ നടന്നുവരികയാണ്.