കൊച്ചി: പത്തനംതിട്ട മുറിഞ്ഞകല്‍ ഗുരുമന്ദിരത്തിന് സമീപം കാറപകടത്തില്‍ നാലു പേർ മരിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോർട്ട് തേടി. ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ഇക്കാര്യം നാളെ വീണ്ടും പരിഗണിക്കും. കാറിലുണ്ടായിരുന്ന നാലുപേരാണ് മരിച്ചതെങ്കിലും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ചതിനാലാണ് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയത്.
ഇന്നലെ പുലർച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വന്ന കാർ അപകടത്തില്‍ പെട്ട് ഒരു കുടുംബത്തിലെ 4 പേർ മരിച്ചത്. അതേസമയം, അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയാണ് മൃതദേഹങ്ങള്‍ പത്തനംതിട്ടയിലെ മോർച്ചറിയിലേക്ക് മാറ്റിയത്. നിഖിലിന്റെ സഹോദരിയും ബിജു പി ജോർജിൻ്റെ സഹോദരിയും വിദേശത്ത് നിന്ന് എത്തിയതിന് ശേഷം ബുധനാഴ്ച്ചയായിരിക്കും സംസ്കാരം. മല്ലശ്ശേരി സ്വദേശികളായ അനു, നിഖില്‍, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്.