പത്തനംതിട്ട: കോന്നി ഏരിയ കമ്മിറ്റി അംഗത്തിന്റെ മോശം പെരുമാറ്റത്തിനെതിരെ വനിതാ നേതാവ് നല്കിയ പരാതി ജില്ലാനേതൃത്വം അട്ടിമറിക്കുന്നതിനെ ചൊല്ലി പത്തനംതിട്ട സിപിഎമ്മില്‍ വിവാദം. കുറ്റക്കാരനെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടും നടപടി അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിലാണ് അതൃപ്തി പുകയുന്നത്. എൻജിഒ യൂണിയൻ നേതാവ് കൂടിയായ വനിതാ അംഗം പരാതി നല്‍കിയിട്ട് നാല് മാസം പിന്നിടുന്നു.
ഓഗസ്റ്റ് മാസത്തില്‍ കോന്നിയില്‍ നടന്ന കരിയാട്ടം ഫെസ്റ്റിനിടെ സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗം മോശമായി പെരുമാറിയെന്നാണ് വനിതാ നേതാവ് ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. സെപ്റ്റംബറില്‍ തന്നെ കോന്നി ഏരിയ കമ്മിറ്റിയില്‍ നിന്നുള്ള രണ്ടംഗ പാര്‍ട്ടി കമ്മീഷൻ പരാതി പരിശോധിച്ചു. ഏരിയ സെന്ററിന്റെ ചുമതലക്കാരൻ കൂടിയായ നേതാവ് കുറ്റക്കാരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജില്ലാ സെക്രട്ടറി കൂടി പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തില്‍ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയായി. ഗുരുതര സ്വഭാവമുള്ള അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ടില്‍ നടപടി അനന്തമായി നീണ്ടുപോകുന്നതില്‍ യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ തന്നെ വിമര്‍ശനം ഉന്നയിച്ചെന്നാണ് വിവരം. മാത്രമല്ല ആരോപണവിധേയനായ ഏരിയ കമ്മിറ്റി അംഗം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോന്നിയിലെ നവകേരള സദസ്സില്‍ പ്രധാന സംഘാടകനായി നിന്നതിലും പാര്‍ട്ടിയില്‍ അതൃപ്തി പുകയുകയാണ്. പത്തനംതിട്ട സിപിഎമ്മിലെ പുതിയ ചേരിക്ക് നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധിയുടെ വിശ്വസ്തനാണ് ആരോപണവിധേയനായ ഏരിയ കമ്മിറ്റി അംഗം. അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിനും ചില നേതാക്കള്‍ പരാതി നല്‍കിയെന്നാണ് സൂചന.