പത്തനംതിട്ട: വയോധികയെ കോടാലിക്കൈ കൊണ്ട് അടിച്ചുകൊന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് 4 കോടതി ജഡ്ജി പി പി പൂജയുടേതാണ് വിധി.ജാർഖണ്ഡ് സഹേബ്ഗഞ്ച് ബർമസിയ, ദോരായ്സന്തലി ബഡാബിച്കനി ചന്ദപഹഡിയയുടെ മകള്‍ സുശീല എന്ന് വിളിക്കുന്ന ബംഗാരിപഹഡി (29) നെയാണ് കോടതി ശിക്ഷിച്ചത്. നിരന്തരം വഴക്കു പറയുന്നെന്ന വിരോധത്താലാണ് അതിക്രമം.പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം.
2018 ഡിസംബർ 26 പകല്‍ 11.30 നും ഒന്നരയ്ക്കുമിടയിലാണ് സംഭവം. കോയിപ്രം പുല്ലാട് മുട്ടുമണ്‍ മേലത്തേതില് പി എസ് ജോർജ്ജിന്റെ ഭാര്യ മറിയാമ്മ ജോർജ്ജ് (77) ആണ് യുവതിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.ജോർജ്ജിന്റെ മൊഴിപ്രകാരം കോയിപ്രം എസ് ഐ ആയിരുന്ന കെ എസ് ഗോപകുമാറാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന്, പൊലീസ് ഇൻസ്പെക്ടർ ആർ പ്രകാശ് അന്വേഷണം പൂർത്തിയാക്കി 2019 മാർച്ച് 28 ന് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു.മറിയാമ്മ നിരന്തരം വഴക്ക് പറയുന്നതിലുള്ള വിരോധം കാരണം, പ്രതി വീടിന്റെ അടുക്കളഭാഗത്ത് വച്ച് കോടാലിക്കൈ കൊണ്ട് തലയിലും കൈകാലുകളിലും മർദ്ദിച്ച് ഗുരുതരമായ പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.