പത്തനംതിട്ട : മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു രാഷ്ടീയ കൊലയ്ക്ക് മുന്നിൽ വിറങ്ങലിച്ച് കേരളവും പെരിങ്ങരയും. രാഷ്ട്രീയ പക പി ബി സന്ദീപ് കുമാറിന്റെ ജീവൻ കവർന്നെടുക്കുമ്പോൾ അനാഥമാകുന്നത് കുരുന്നു ജീവനുകളുടെ സ്വപ്നങ്ങൾ. സന്ദീപിന്റെ രണ്ടാമത്തെ കുട്ടിയുടെ ഇരുപത്തിയെട്ട് കഴിഞ്ഞിട്ട് നാളുകൾ തികഞ്ഞിട്ടില്ല. ജീവിതത്തിലേക്ക് കടന്ന് വന്ന പുതിയ അതിഥിയെ സ്നേഹിച്ചു കൊതി തീരുന്നതിന് മുൻപാണ് സന്ദീപിന്റെ ജീവൻ രാഷ്ടീയ കൊലക്കത്തി കവർന്നെടുക്കുന്നത്.
നാടിനും വീടിനും കരുത്തും കരുതലുമായിരുന്ന ഒരു സാമൂഹ്യ പ്രവർത്തകനെ കൂടി രാഷ്ട്രീയ പക പോക്കലിൽ നഷ്ടപ്പെടുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് നാട് സന്ദീപിന്റെ മരണം എന്ന യാഥാർത്ഥ്യത്തിലേക്ക് പൊരുത്തപ്പെടുന്നത്.
ജന്മദിനത്തിന് രണ്ട് ദിനം മാത്രം ശേഷിക്കെയാണ് സന്ദീപിന്റെ ജീവനും രാഷ്ട്രീയ വൈരികൾ തട്ടിപ്പറിച്ചെടുത്തത്.ഡിസംബർ നാലിനാണ് സന്ദീപിന്റെ ജന്മദിനം.
കുട്ടിയുടെ ഇരുപത്തിഎട്ടിന് ശേഷം സന്ദീപിന്റെ പിറന്നാൾ ദിനം കൂടി ആഘോഷങ്ങളോടെ കൊണ്ടാടേണ്ടിയിരുന്ന വീട്ടിലേക്ക് മരണത്തിന്റെ തീരാ ദുഃഖവുമായാണ് ഈ അപ്രതീക്ഷിത വാർത്ത കടന്നു വന്നത്. അച്ഛന്റെ ലാളനയേറ്റ് വളരേണ്ടുന്ന കുഞ്ഞിന്റെ നിഷ്കളങ്ക കരച്ചിലിൽ ഒരു നാട് മുഴുവൻ വിങ്ങി പൊട്ടുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഒക്ടോബർ 16, 17 തീയതികളിലാണ് സിപിഎം പെരിങ്ങര ലോക്കൽ സമ്മേളനം നടന്നത്. സമ്മേളനത്തിൽ മുൻപ് ലോക്കൽ സെക്രട്ടറി ആയിരുന്ന സന്ദീപിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. നാടിന്റെ ഏത് ആവശ്യങ്ങളിലും സ്വജീവൻ മറന്ന് കടന്ന് ചെന്നിരുന്ന സാമൂഹിക സ്നേഹി കൂടിയായിരുന്നു സന്ദീപ്.ഈ വർഷം തന്നെ തൃശ്ശൂരിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവത്തകൻ സനൂപും നാട് സ്നേഹിക്കുന്ന തികഞ്ഞ മനുഷ്യ സ്നേഹി തന്നെയായിരുന്നു. മെഡിക്കൽ കോളേജിൽ ഉച്ചഭക്ഷണ വിതരണത്തിന് നേതൃത്വം നൽകിയ സനൂപിന്റെ ജീവനും കവർന്നെടുത്തത് ആർഎസ്എസ് കൊലക്കത്തിയായിരുന്നു എന്നുള്ളതും ഇവിടെ കൊലപാതക രാഷ്ട്രീയത്തിന്റെ മനുഷ്യ പറ്റില്ലാത്ത തീവ്ര മുഖത്തെ അനാവരണം ചെയ്യുകയാണ്. പൂർണ്ണ ഗർഭിണിയായ ഭാര്യയുടെ സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് തിരുവനന്തപുരം ജില്ലയിലെ ഹഖ് മുഹമ്മദിന്റെ ജീവനും ആർഎസ്എസ് കവർന്നെടുത്തത്.
വാഹനത്തില്‍ വരികയായിരുന്ന സന്ദീപിനെ അഞ്ചംഗ സംഘം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. പ്രദേശത്ത് ഉണ്ടായ സംഘര്‍ഷത്തെ സംബന്ധിച്ച് സംസാരിക്കണം എന്നാവശ്യപ്പെട്ട് സന്ദീപിനെ വയലിലേക്ക് വിളിച്ച് കൊണ്ടുപോയ സംഘം വയലില്‍ വച്ച് കുത്തി വീഴ്ത്തുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമിസംഘം സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കുത്തേറ്റ് വയലില്‍ കിടന്ന സന്ദീപിനെ നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേര്‍ന്ന് ബൈക്കിൽ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മുന്‍പ്, പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു. എന്നാല്‍ അടുത്തകാലത്ത് പ്രദേശം കേന്ദ്രീകരിച്ച് സംഘര്‍ഷങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. പ്രദേശ വാസികളായ അഞ്ചംഗ ആര്‍എസ്എസ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎം ആരോപണം.
വ്യക്തിയുടെ ജീവിതത്തിലെ പ്രിയപ്പെട്ട ദിനങ്ങൾ തിരഞ്ഞു പിടിച്ചു ജീവൻ കവർന്നെടുക്കുന്ന മനുഷ്വത്വ രഹിതമായ
ദയാരഹിത കൊലകളിൽ നിറ കണ്ണുകളോടെ വിറങ്ങലിച്ചു നിൽക്കുകയാണ് കേരള മനസാക്ഷി.