പറ്റ്ന : നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് ഒരാള്‍ മരിച്ചു. നിരവധിപ്പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. ബിഹാറിലെ സുപോളിലാണ് സംഭവം. സ്ഥലത്ത് അടിയന്തിര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഏകദേശം 30 പേർ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതരുടെ അനുമാനം. 984 കോടി ചെലവില്‍ കോസി നദിക്ക് കുറുകെ നിർമാണം പുരോഗമിക്കുകയായിരുന്ന പാലമാണ് തകർന്നു വീണതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ കുമാർ പറഞ്ഞു. നേരത്തെ ബിഹാറിലെ ഭഗല്‍പൂരില്‍ മറ്റൊരു പാലവും നിർമാണത്തിനിടെ തകർന്നുവീണത് സർക്കാറും പ്രതിപക്ഷവും തമ്മില്‍ വലിയ വാക്പോരിലേക്ക് നയിച്ചിരുന്നു. 1700 കോടി ചെലവില്‍ നിർമിച്ചുകൊണ്ടിരുന്ന നാല് വരി റോഡുകളോടെയുള്ള പാലമാണ് അന്ന് തകർന്നുവീണത്.